മുക്കം: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനവിരുദ്ധ നയങ്ങളിൽ മനംമടുത്ത് വെൽഫെയർ പാർട്ടിയിൽ ചേർന്നവർക്ക് മുക്കത്ത് സ്വീകരണം നൽകി. വിവിധ പ്രദേശങ്ങളിൽനിന്നും ജനപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അഞ്ചു പേരെ വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. ബാബു തടപ്പറമ്പ്, ഷക്കീബ്, അനീഷ്, യൂസഫ് മണ്ണിൽ, അൻവർ എന്നിവർ മുക്കം എസ്.കെ പാർക്കിൽ നടന്ന സ്വീകരണ ചടങ്ങിൽ ഹമീദ് വാണിയമ്പലത്തിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും മുന്നൂറ്റിഅമ്പതോളം പേർ പുതുതായി വെൽഫെയർ പാർട്ടിയിൽ ചേർന്നിരുന്നു. പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭാ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, സാറ കൂടാരം, ഫാത്തിമ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ, ടി.കെ അബൂബക്കർ, പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീൻ ആനയാംകുന്ന്, കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും സാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു.