മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ന് വിൽപനയ്ക്കെത്തുകയാണ്. പിക്സർ 6, പിക്സൽ 6 പ്രോ എന്നിവ 24 മണിക്കൂർ ബാറ്ററി ലൈഫ്, ഏറ്റവും ആധുനികമായ ക്യാമറ എന്നിവയോടെയാണ് വരുന്നത്. ഗൂഗിൾ ആദ്യമായി രൂപകൽപന ചെയ്ത ഗൂഗിൾ ടെൻസർ പ്രൊസസ്സറാണ് ഈ സ്മാർട്ട്ഫോണിനു പുറകിലെ ചാലകശക്തി. പുതിയ ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഇതിൽ ഉപയോഗിക്കുക.

പിക്സ്ല് സ്റ്റാൻഡേർഡ് മോഡലിന്റെ എല്ലാ സവിശേഷതകളും പിക്സൽ 6 പ്രോയ്ക്കും ഉണ്ട്. എന്നാൽ ഇതിന് വലിപ്പമേറിയതും വേഗതയേറിയതുമായ 120 എച്ച് സെഡ് ഡിസ്പ്ലേയും ടെലെഫോട്ടോ ലെൻസ് ഉൾപ്പടെ അപ്ഗ്രേഡ് ചെയ്ത ഒരു റിയർ ക്യാമറയും ഉണ്ട്. പിക്സൽ 6 ന്റെ വില ആരംഭിക്കുന്നത് 599 പൗണ്ടിൽ നിന്നാണെങ്കിൽ പിക്സൽ 6 പ്രോയുടെ വില ആരംഭിക്കുന്നത് 849 പൗണ്ടിൽ നിന്നാണ്. ഗൂഗിളിന്റെ ഏറ്റവും മികച്ച ഉദ്പന്നങ്ങളിൽ ഒന്നായ ഇതിന്റെ വില ആപ്പിൾ ഐ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവുമാണ്.

രണ്ടുമോഡലുകളും ഇന്നു മുതൽ വിപണിയിൽ ലഭ്യമാണ്. രണ്ടു മോഡലുകളും സ്റ്റോമി ബ്ലാക്ക് നിറത്തിൽ ലഭ്യമാകുമ്പോൾ അടിസ്ഥാന മോഡൽ സോർട്ട സീഫോം നിറത്തിലും പ്രോ സോർട്ട സണ്ണി നിറത്തിലും ലഭ്യമാണ്. ഹാർഡ്വെയറും സോഫ്റ്റ്‌വെയറും തമ്മിൽ തികഞ്ഞ സമന്വയം ഉള്ളതിനാൽ മറ്റ് സ്മാർട്ട് ഫോണുകളേക്കാൾ കൂടുതൽ വ്യക്തിപരമായ ആവശ്യത്തിനുതകുന്ന വിധമാണ് ഇത് എന്ന് ഗൂഗിൾ പറയുന്നു.

കാമറകളിലും കാര്യമായ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. 1/1.3 ഇഞ്ച് 50 മെഗാപിക്സൽ സെൻസർ ഉള്ള കാമറ 150 ശതമാനം പ്രകാശം കൂടുതലായി പിടിച്ചെടുക്കും. അതായത് ചിത്രങ്ങൾക്ക് കൂടുതൽ വർണ്ണാഭയുംവ്യക്തതയും ഉണ്ടായിരിക്കും. അൾട്രാവൈഡ് ലെൻസിന്റെ സാന്നിദ്ധ്യം ഒരൊറ്റ ഷോട്ടിൽ കൂടുതൽ സീനുകൾ കവർ ചെയ്യുവാനും സഹായിക്കുന്നു. പ്രോ വേർഷനിലാണെങ്കിൽ ഒരു ടെലിഫോട്ടോ ലെൻസും നാലിരട്ടി ഒപ്റ്റിക്കൽ സൂം സൗകര്യവുമുണ്ട്. അതിനാൽ തന്നെ ഇതിന് ക്ലോസ്സപ്പിൽ നിന്നും അൾട്രാവൈഡ് റേഞ്ചിൽ വരെ ഫോട്ടോ എടുക്കാൻ സഹായിക്കും. 4 കെ വീഡിയോ എടുക്കുവാനും കഴിയും.

നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെൻസർ പ്രൊസസ്സർ, ഇതിൽ മറ്റ് പല സവിശേഷതകളും ചേർക്കുന്നു. ഫോട്ടോകളിൽ നിന്നും ആവശ്യമില്ലാത്തവ നീക്കുന്ന മാജിക് എറേസർ അത്തരത്തിലൊന്നാണ്. അതുപോലെ രസകരമായ പശ്ചാത്തലങ്ങളും മറ്റുമൊരുക്കി ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകാൻ സഹായിക്കുന്ന മോഷൻ മോഡും മറ്റൊരു സവിശേഷതയാണ്.