തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ സ്ട്രോക്ക് ബോധവൽക്കരണ ബാനർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. സമയബന്ധിതമായി ചികിത്സ നൽകേണ്ട ആവശ്യകതയെക്കുറിച്ചും, സ്ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും, അടിയന്തരമായി അവലംബിക്കേണ്ട ചികിത്സാ രീതികളെപ്പറ്റിയും, പ്രതിരോധ മാർഗങ്ങളെയും പ്രതിപാദിക്കുന്ന ബാനറാണ് പ്രകാശനം ചെയ്തത്.

പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കൽ ത്രോംബെക്സ്മി എന്ന അതിനൂതന ചികിത്സയെ കുറിച്ച് മിഷൻ ത്രോംബെക്സ്മി 2020 എന്ന പേരിൽ ആഗോളതലത്തിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മിഷൻ ത്രോംബെക്സ്മി എന്ന ധവളപത്രം മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.

ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എൻ. ശൈലജ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. സുരേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.