- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ സീറ്റ്: പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്ത് നിർത്താൻ അനുവദിക്കില്ല - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ചിട്ടും തുടർപഠനത്തിന് അവസരം ഒരുക്കാത്ത സർക്കാർ നിലപാടിനെതിരെ നിയമ സഭക്ക് മുന്നിൽ പ്രതിഷേധ തെരുവ് ക്ലാസുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് തുടർന്ന് പഠിക്കാൻ ഹയർസെക്കൻഡറി സീറ്റ് ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്. 5000 ൽ അധികം വരുന്ന മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ വരെ അവസരങ്ങളില്ലാത്തവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് സർക്കാർ കണക്ക് പോലും സൂചിപ്പിക്കുന്നത്.
ശാശ്വതമായ പരിഹാരങ്ങളില്ലാതെ താത്കാലിക ക്രമീകരണങ്ങൾ മലബാറിൽ പ്രതിസന്ധി രൂക്ഷമാക്കും.അധിക ബാച്ച് എന്ന കാലങ്ങളായി ഉയർത്തുന്ന ആവശ്യത്തോട് ഇപ്പോഴും അനുകൂലമായ സമീപനം സ്വീകരിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാൻ ആവില്ല എന്നു സമരം ഉദ്ഘാടനം ചെയ്ത് വടകര എംപി കെ.മുരളീധരൻ പറഞ്ഞു. മാർജിനൽ സീറ്റ് വർധനവ് മൂലം ക്ലാസിൽ വിദ്യാർത്ഥികൾ കുത്തിനിറക്കപ്പെട്ട അവസ്ഥയാണ് ഉണ്ടാവുക. അധ്യയനത്തിന്റെ നിലവാരം കുറയും. ചുരുക്കത്തിൽ, ഒരു അനീതിക്ക് പരിഹാരമായി സർക്കാർ നിർദേശിക്കുന്ന മറ്റൊരു അനീതി മാത്രമായി മാറുമിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ഷിഫ്റ്റ് ചെയ്തുകൊണ്ടുള്ള പ്രശ്‌ന പരിഹാരമെന്നത് അപ്രായോഗികമാണ്. സർക്കാർ സ്‌കൂളുകളിലെ ബാച്ച് ഷിഫ്റ്റിങ് മാത്രമാകും അങ്ങനെ സാധ്യമായാൽ തന്നെ നടക്കുക. എയ്ഡഡ് സ്‌കൂളുകളിൽ അവശേഷിക്കുന്ന ബാച്ച് ഷിഫ്റ്റിങ് അപ്രായോഗികമാണ്. അതു കൊണ്ടു തന്നെ ഇരുന്നൂറോളം പുതിയ ബാച്ചുകൾ ആവശ്യമായ മലബാർ ജില്ലകളിൽ ആവശ്യമായതിന്റെ നാലിലൊന്നു പോലും അനുവദിക്കാൻ ഇതുവഴി സർക്കാറിന് സാധിക്കില്ല എന്നും അധ്യക്ഷത വഹിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ചൂണ്ടിക്കാട്ടി.
സീറ്റ് വർധന, താൽക്കാലിക ബാച്ച് വർധന എന്നിവ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമേയല്ല. ബാച്ചുകൾ സ്ഥിരപ്പെടുത്തുകയാണ് വേണ്ടത്. ഏതൊക്കെ താലൂക്കിലാണ് സീറ്റ് കുറവ്, അവിടെ എത്ര ബാച്ച്/സീറ്റ് കൂട്ടും എന്ന് വ്യക്തമാക്കുന്നില്ല. താൽക്കാലിക ബാച്ചുകൾ എന്നതിലും കൂടുതൽ വ്യക്തത ആവശ്യമാണ്. 50 താലൂക്കിൽ മതിയായ സീറ്റില്ലെന്ന് സർക്കാർ തന്നെ അംഗീകരിച്ച സാഹചര്യത്തിൽ ഈ 50 താലൂക്കിലും പുതിയ ബാച്ച് അനുവദിക്കണം. മാർജിനൽ സീറ്റ് വർധനയല്ല, പുതിയ ബാച്ചുകൾ എന്ന ശാശ്വത പരിഹാരം തന്നെയാണ് നടപ്പാക്കപ്പെടേണ്ടത്.
മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ അതിവേഗ നടപടിയിലേക്ക് സർക്കാർ പ്രവേശിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ആവശ്യപ്പെട്ടു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ കുമാർ, ഉന്നത വിജയം നേടിയിട്ടും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥി ഗാനി അംജദ് അലി, സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്, സൈദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഹാബിൽ തൃശൂരിന്റെ നേതൃത്വത്തിൽ പ്രതിഷേധ കാർട്ടൂണ് വര, ഇമാദ് വക്കത്തിന്റെ നേതൃത്വത്തിൽ സ്‌കിറ്റ് അവതരണം, അജ്ഹദ് സനീന്റെ നേതൃത്വത്തിൽ പ്രതിഷേധ കൊട്ടിപ്പാട്ടും പ്രതിഷേധ തെരുവ് ക്ലാസിന്റെ ഭാഗമായി നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബുറഹ്‌മാൻ, ശഹിൻ ശിഹാബ്, അമീൻ റിയാസ്, നിഷാത്ത്, ആഫിയ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് പ്രകടനമായി വന്ന പ്രവർത്തകരെ നിയമസഭക്ക് മുന്നിൽ പൊലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു.ബരിക്കേട് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.