ഒക്കലഹോമ :വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റ് ഒക്കലഹോമയിലെ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ഒക്കലഹോമ നോർത്ത് ഈസ്റ്റ് കൈഫറിലായിരുന്നു സംഭവം. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെയാണ് ഒക്കലഹോമ അധികൃതർ വെളിപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 7.30തോടെ കുട്ടിയെ വീട്ടിൽ നിന്നും കാണാതായി. ഏതാനും മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ വീടിനു സമീപത്തുള്ള സ്ഥലത്തു കണ്ടെത്തി. അവിടെ രക്തത്തിൽ കുളിച്ചു ശരീരമാസകലം കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത്.

മൂന്നാഴ്ച മുമ്പാണ് കോർഗി മിക്സ് ഇനത്തിൽപ്പെട്ട നായയെ വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ ഒരിക്കൽപോലും നായ പ്രകോപിതയായിട്ടില്ല എന്നാണ് മരിച്ച കുട്ടിയുടെ മുത്തശ്ശി പറഞ്ഞത്. സ്റ്റേറ്റ് മെഡിക്കൽ എക്സാമിനർമാർ സംഭവത്തെ കുറിച്ചു അന്വേഷണമാരംഭിച്ചതായി ഷെറിഫ് ഓഫിസ് അറിയിച്ചു. കുട്ടി മരിച്ച സംഭവം ഹൃദയഭേദകമാണെന്ന് പിതാവ് പറഞ്ഞു. വീടിന്റെ വിളക്കായിരുന്ന മകനെന്നായിരുന്നു മാതാവ് പ്രതികരിച്ചത്. നായയെ പിന്നീട് അനിമൽ കൺട്രോൾ ഫെസിലിറ്റിയിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തിൽ ആരേയും ഇതുവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല