ഭൂമിയിലെ അവശതയനുഭവിക്കുന്നവരുടെ ഒക്കെ രക്ഷകരാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ബ്രിട്ടണിലെ കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും. നേരത്തേ, അമേരിക്കയിലെ സാധാരണക്കാർക്കായി, പ്രസവം കഴിഞ്ഞാൽ കുടുംബാവധി അനുവദിക്കണമെന്ന തുറന്ന കത്തെഴുതിയായിരുന്നു ഇവർ ആദ്യം രംഗത്ത് വന്നത്. ഇവരുടെ ആവശ്യം നിരാകരിച്ചെങ്കിലും, ഇതുകൊണ്ടൊന്നും നിർത്താൻ ഭാവമില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് രാജപദവികളിലാത്ത രാജദമ്പതിമാർ. അടുത്ത തുറന്ന കത്തുമായി അവർ രംഗത്ത് എത്തിയിരിക്കുന്നു.

മേഗൻ മെർക്കലും ഹാരി രാജകുമാരനും ഇത്തവണ തുറന്ന കത്ത് എഴുതിയിരിക്കുന്നത് ജി 20 രാഷ്ട്രത്തലവന്മാർക്കാണ്. പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുവാൻ ധനിക രാജ്യങ്ങൾ സഹായിക്കണം എന്നാണ് അവരുടെ ആവശ്യം. ലോകത്തെ മുഴുവൻ വാക്സിൻ എടുത്ത് കോവിഡ് 19 ഇല്ലാതെയാക്കാൻ സഹായിക്കണം എന്നാണ് ഈ കത്തിൽ പറയുന്നത്. ഇത്തവണ കത്തിൽ ഹാരിക്കും മേഗനും പുറമെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദനോം ഘെബ്രിയേസസും ഒപ്പുവച്ചിട്ടുണ്ട്.

കുടുംബാവധിയുമായി ബന്ധപ്പെട്ട് മേഗൻ നടത്തിയ പ്രചാരണം വിജയിക്കാതെ പോവുകയായിരുന്നു. 1.75 ട്രില്ല്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയിൽ നിന്നും കുടുംബാവധി വിഷയം ഒഴിവാക്കിയതായി ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പുതിയ കത്ത് വരുന്നത്. റോമിൽ ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു കത്ത് എന്നതും ശ്രദ്ധേയമാണ്. ആഗോള വാക്സിൻ സമത്വം നേടിയെടുക്കാനുള്ള ഒരു പ്രവർത്തനത്തിൽ തങ്ങൾ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം ഹാരിയും മേഗനും പ്രസ്താവിച്ചിരുന്നു.

ലൊകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്തിൽ ജി 20 നേതാക്കളോട് കോവിഡ് 19 എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള പരിപാടികൾ ധൃതഗതിയിലാക്കാൻ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ഈ വർഷം അവസാനത്തോടെ ലോകത്തിലെ 40 ശതമാനം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്യുന്നുണ്ട്.ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയായ കോവാക്സ് വഴി 1.3 ബില്ല്യൺ ഡോസുകൾ വിവിധ രാജ്യങ്ങളിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ 150 മില്യൺ ഡോസുകൾ മാത്രമാണ് എത്തിക്കാൻ കഴിഞ്ഞത്. അതായത് ഇതുവരെ പദ്ധതിയുടെ 11.5 ശതമാനം മാത്രമേ പൂർത്തിയാക്കാൻ ആയിട്ടുള്ളു.

ചില ജി 20 രാജ്യങ്ങളിൽ ആവശ്യത്തിലധികം വാക്സിൻ ഉണ്ടെന്നും കാലാവധി തീർന്നാൽ പാഴായിപോകുന്ന അവ അതിനുമുൻപായി ദരിദ്ര രാജ്യങ്ങളിൽ എത്തിക്കണമെന്നും ഹാരിയും മേഗനും ആവശ്യപ്പെടുന്നു.