ന്യൂ ജേഴ്സി: ''നിങ്ങൾക്ക് നൂറുപേർക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും കൊടുക്കുക.'' കാരുണ്യത്തിന്റെ മാനുഷികമുഖമായ മദർ തെരേസയുടെ ഈ വാക്കുകളാണ് 'ഹെൽപ് സേവ് ലൈഫ്' (HelpSaveLife) എന്ന ജീവകാരുണ്യ സംഘടനയെ മുന്നോട്ടു നയിക്കുന്നത്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സംഘടന ആശ്വാസം പകർന്നുനൽകിയത് നുറുകണക്കിന് കുടുംബങ്ങൾക്കാണ്.

നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഹെൽപ് സേവ് ലൈഫ് ജനസേവനത്തിന് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

തുടക്കം ലളിതം

'ഒരു ജീവിതം വീണ്ടെടുക്കാൻ ഒരു കൈ സഹായം.' ഇതാണ് ഹെൽപ് സേവ് ലൈഫ് എന്ന സംഘടന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സഹായമനസ്‌കരും സാമൂഹ്യ സേവന സന്നദ്ധരുമായ ഏതാനും ആളുകൾ ചേർന്ന് 2001 നവംബറിൽ തുടക്കമിട്ട ഈ സംഘടന 20 വർഷങ്ങൾ പിന്നിടുമ്പോൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് തണലേകുന്ന ഒരു വൻ വടവൃക്ഷമായി പടർന്ന് പന്തലിച്ചിരിക്കുന്നു. ഇന്ന് എണ്ണൂറിൽ പരം അംഗങ്ങളും (ഒരു തവണയെങ്കിലും സേവന കാര്യങ്ങൾക്കായി സംഭാവന നൽകിയിട്ടുള്ളവർ), ഇരുനൂറിൽ പരം സജീവ അംഗങ്ങളും (സ്ഥിരമായി സംഭാവന നൽകുന്നവർ) അടങ്ങുന്ന ഒരു വലിയ പ്രസ്ഥാനമായി സംഘടന മാറിയിരിക്കുന്നു.

രണ്ട് പതിറ്റാണ്ടിനിടെ 1500-ൽ പരം ഗുണഭോക്താക്കൾക്കായി 1.13 ദശക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം എട്ടുകോടി രൂപ) സഹായമാണ് സംഘടന നൽകിയിട്ടുള്ളത്. ചികിത്സാ സഹായം തേടിയുള്ളതായിരുന്നു സംഘടനയ്ക്ക് ലഭിച്ച അഭ്യർത്ഥനകളിൽ ഏറെയും. ഇതു കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള നിരവധി സഹായ അഭ്യർത്ഥനകളും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്.
Covid-19 മഹാമാരി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ, എന്നിവ ലോകത്തിന്റെ പല ഭാഗത്തും നാശം വിതച്ചപ്പോൾ, മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായമായും നശിച്ചു പോയ ഭവനങ്ങൾ പുനർ നിർമ്മിക്കുന്നതിനും സംഘടന മുന്നിൽ നിന്നു പ്രവർത്തിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങൾ

മേൽപറഞ്ഞിരിക്കുന്നതുപോലെ തന്നെ അർഹരായവർക്ക് ചികിത്സാ സഹായവും പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള ഒരു ലാഭരഹിത-ജീവകാരുണ്യ സംഘടനയാണ് ഹെൽപ് സേവ് ലൈഫ്. വർഗമോ, വർണമോ, ദേശീയതയോ പരിഗണിക്കാതെ സാർവലൗകികമായി സഹായം എത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും നൽകുന്നതിലാണ് സംഘടനയുടെ പ്രധാന പരിഗണനയെങ്കിലും സാധ്യമായ രീതിയിലുള്ള എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നിതാന്ത പരിശ്രമമാണ് സംഘടന നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് വീടു വച്ചു നൽകുന്നതിനുള്ള ശ്രമങ്ങളും ചെറിയതോതിൽ ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. സഹായ അഭ്യർത്ഥനകളുടെ സത്യസന്ധത മനസ്സിലാക്കിയ ശേഷം അർഹരായ വ്യക്തികൾക്ക് വേഗത്തിൽ തന്നെ സഹായം എത്തിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും സംഘടന ഉറപ്പാക്കുന്നു. സാധാരണയായി സംഘടനയിലെ അംഗങ്ങൾ വഴിയാണ് സഹായ അഭ്യർത്ഥനകൾ സ്വീകരിക്കുകയും അതിന്റെ സാധുത ഉറപ്പാക്കുകയും ചെയ്യുന്നത്. പരമാവധി ആളുകൾക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുകയാണ് സംഘടന.

അംഗങ്ങൾക്ക് നേരിട്ട് അറിയാവുന്നവർക്കോ, അല്ലെങ്കിൽ സഹായം അർഹിക്കുന്നവരാണെന്ന് അംഗങ്ങൾ വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവിൽ പ്രതിമാസം ആറ് അഭ്യർത്ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തിൽ അംഗങ്ങളുടെ ആവശ്യപ്രകാരം വളരെ വേഗത്തിൽ തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്.

പ്രത്യക ധനസമാഹരണം

പലപ്പോഴും മനുഷ്യരാൽ തടയാൻ സാധിക്കാത്തതാണ് പ്രകൃതി ദുരന്തങ്ങളും കോവിഡ്-19 പോലുള്ള മഹാമാരിയും മറ്റ് പലവിധമുള്ള അപകടങ്ങളും. എന്നാൽ, ദുരന്തത്തിന് ഇരകളാകുന്നവർക്ക് സഹായഹസ്തം നൽകുക എന്നത് വലിയൊരു പുണ്യ പ്രവർത്തിയാണ്. അതുകൊണ്ടുതന്നെ പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത് ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കുന്നതിനു വേണ്ട നടപടികളും സംഘടന ചെയ്തുവരുന്നു. കേരളത്തിൽ 2018-ൽ പ്രളയമുണ്ടായപ്പോൾ ഹെൽപ് സേവ് ലൈഫ് സഹായഹസ്തവുമായി ഓടിയെത്തുകയും, 29 കുടുംബങ്ങൾക്കായി ഏകദേശം 16500 യു.എസ്. ഡോളറിന്റെ സഹായമെത്തിക്കുകയും ചെയ്തു. പിന്നീട് കോവിഡ്-19 മഹാമാരി കേരളത്തെ വരിഞ്ഞുമുറുക്കിയ സമയത്ത് 2021 മെയ് മാസം 38,000 യു.എസ്. ഡോളർ സമാഹരിക്കുകയും 45 കുടുംബങ്ങളിൽ സഹായമെത്തിക്കുകയും ചെയ്തു. കുടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഫണ്ട് ശേഖരണം സജീവമായി തുടരുകയാണ്.

കൂടാതെ, കോവിഡ് മഹാമാരിയെ തുടർന്ന് ജനങ്ങൾ വീടുകളിലേക്ക് ചുരുങ്ങുകയും വിദ്യഭ്യാസം ഓൺലൈനായി മാറുകയും ചെയ്ത സാഹചര്യത്തിൽ മൊബൈൽ ഫോണുകളില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കി. ഇതുപ്രകാരം അമ്പതോളും കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനായി എന്നത് സംഘടന അഭിമാനകരമായ നേട്ടമായി കരുതുന്നു.

ഇരുപതാം വാർഷിക പദ്ധതികൾ

സംഘടനയുടെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് ഏതാനും ചില പുതിയ പദ്ധതികൾക്ക് കൂടി സംഘടന തുടക്കം കുറിക്കുകയാണ്. അതിൽ പ്രധാനമായുള്ളത് യുവജനങ്ങളെ ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളാണ്. ഇതിന്റെ ഭാഗമായി ഹെൽപ് സേവ് ലൈഫിന്റെ ഒരു യുവജന വിഭാഗം ആരംഭിക്കുകയും സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ അവരുടേതായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിലും അവരുടെ നൈപുണ്യത്തിലും പരിശീലനം നൽകുക, സമീപത്തുള്ള ജീവകാരുണ്യ സംഘടനകൾക്ക് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തുക, ധനസമാഹരണത്തിൽ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് യുവജനതയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ, പ്രാദേശിക തലങ്ങളിൽ ഹെൽപ് സേവ് ലൈഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി ഹെൽപ് സേവ് ലൈഫ് ഇന്ത്യ ട്രസ്റ്റ് സ്ഥാപിക്കാനും സംഘടന പദ്ധതിയിടുന്നു. ചികിത്സാ - വിദ്യഭ്യാസ സഹായങ്ങൾക്കായുള്ള അപേക്ഷകൾ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ എല്ലാവരിലേക്കും സഹായമെത്തിക്കുന്നതിനായി ഒരു നറുക്കെടുപ്പ് പരിപാടി (Raffle program) സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു പദ്ധതി.

ഇതോടൊപ്പം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ഇടുക്കി ജില്ലയിലെ കൊക്കയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അടുത്തിടെ ഉണ്ടായ പ്രളയത്തിൽ വീടും സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിനായി സംഘടന ഒരു പുതിയ പ്രളയ ദുരിതാശ്വാസ നിധി സ്വരൂപിച്ചുവരികയാണ്. പരമാവധി ആളുകളിലേക്ക് സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ള കുടുംബങ്ങൾക്ക് 50,000 രൂപ വീതം നൽകാനാണ് പദ്ധതിയിടുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് സംഭാവന നൽകാനാഗ്രഹിക്കുന്നവർ സംഘടനാ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

സംഭാവനകൾക്ക് നികുതിയിളവ്

സഹായ മനസ്‌കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്. പക്ഷേ, സഹായ അഭ്യർത്ഥനകളുമായി കൂടുതൽ പേർ മുന്നോട്ടുവരുമ്പോൾ ഇതിനായി കൂടുതൽ ഫണ്ട് സമാഹരിക്കേണ്ട സാഹചര്യമാണ് ഉയർന്നുവരുന്നത്. ഹെൽപ് സേവ് ലൈഫ് ഒരു രജിസ്റ്റേർഡ് ജീവകാരുണ്യ സംഘടനയായതിനാൽ സംഭാവനകൾക്ക് യു.എസ്. ഇൻകം ടാക്സ് നിയമത്തിലെ (501) (c)3 പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്.

വരൂ, നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം, എല്ലാവരുടേയും നന്മയ്ക്കായി, ഒരു നല്ല നാളേക്കുവേണ്ടി.

ബന്ധപ്പെടേണ്ട വിലാസങ്ങളും ഫോൺ നമ്പറുകളും

റെമി ചിറയിൽ (പ്രസിഡന്റ്) - 908-268-8883
ലാലു വാഴേക്കാട്ട് (സെക്രട്ടറി) - 303-596-3472)
ബെന്നി ഡേവിസ് (ട്രഷറർ) - 720-493-8726)
സോജിമോൻ ജെയിംസ് (ട്രഷറർ) - 732-939-0909)

വെബ്സൈറ്റ് : www.HelpSaveLife.org

ഇ-മെയിൽ : HelpSaveLifeUSA@gmail.com