ഒക്ലഹോമ: ജയിലിൽ കഴിയുമ്പോൾ അവിടുത്തെ കഫ്റ്റീരിയാ ജീവനക്കാരി ഗെ ഗാർട്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോൺ ഗ്രാന്റിന്റെ ശിക്ഷ വ്യാഴാഴ്ച നടപ്പാക്കി. 1998 ലായിരുന്നു സംഭവം. വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചതിനു രണ്ടു മണിക്കൂറുകൾക്കുള്ളിൽ ശിക്ഷ നടപ്പാക്കി.

ഒക്ലഹോമയിൽ ആറര വർഷത്തിനുശേഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. 23 വർഷമായി വധശിക്ഷ കാത്തുകഴിയുകയായിരുന്നു ജോൺ ഗ്രാന്റ്. മൂന്നു മാരകമിശ്രിതങ്ങൾ ചേർത്ത വിഷം കുത്തിവച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് ഗ്ലാസ് ഡോറിലൂടെ പുറത്തു നിൽക്കുന്നവർക്കു കാണുന്നതിന് കർട്ടൻ മാറ്റിയതോടെ ജോൺ ശാപവാക്കുകൾ പറയാൻ തുടങ്ങിയതായി ദൃക്സാക്ഷി പറഞ്ഞു.

നിരവധി തവണ ജോൺ ഗ്രാന്റിന്റെ വധശിക്ഷ നടപ്പാക്കുന്നതു മാറ്റി വച്ചിരുന്നു. പ്രതിയുടെ വധശിക്ഷ കാണുന്നതിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ഗെ ഗാർട്ടറുടെ കുടുംബാംഗങ്ങൾ.