ഉനകോട്ടി: വടക്കൻ ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ അംഗത്വ വിതരണ ക്യാമ്പയിനിടെ എബിവിപി പ്രവർത്തകന് കുത്തേറ്റു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷിബാജി സെൻഗുപ്തയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രവർത്തകന് നേരെ വർഗീയ ആക്രമണമാണ് ഉണ്ടായതെന്ന് എബിവിപി ആരോപിച്ചു.

കൈലാഷഹറിലെ സ്‌കൂളിന് പുറത്തുവച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൈലാഷഹറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ നിസാര പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായ സമാന ആക്രമങ്ങളിൽ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായെന്ന് ത്രിപുര പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.