- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സർട്ടിഫക്കറ്റുകൾ നിർമ്മിച്ചു യുകെയിലേക്ക് വിദ്യാർത്ഥികളെ കയറ്റി വിടുന്നതിന് പിന്നിൽ വമ്പൻ മാഫിയ; ബ്രിട്ടണിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാനാകുമെന്നത് മുതലെടുത്ത് ആളുകളെ വീഴ്ത്തും; സർവ്വകലാശാലാ ജീവനക്കാരും ട്രാവൽ ഏജൻസികളും സംശയ നിഴലിൽ
കൊച്ചി: വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിലാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തിയും കൂടുന്നു. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ ലിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35), വൈക്കം ഇടത്തി പറമ്പിൽ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ സംഘത്തിന് യുകെയിലും വേരുകളുണ്ടെന്നാണ് സംശയം.
വ്യാജ സർട്ടിഫക്കറ്റുകൾ നിർമ്മിച്ചു യുകെയിലേക്കാണ് പ്രധാനമായും വിദ്യാർത്ഥികളെ കയറ്റി വിടുന്നത്. ഇവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാനാകും. നിശ്ചിത മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കു മാത്രമേ യുകെയിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കൂ. എന്നാൽ, പരീക്ഷയിൽ വിജയിച്ചിട്ടും ആവശ്യമായ മാർക്ക് ലഭിക്കാത്തവരും തോറ്റവരുമായ വിദ്യാർത്ഥികളാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിനു പിന്നിൽ സർവകലാശാല ജീവനക്കാർ അടക്കമുള്ള അന്തർസംസ്ഥാന സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇത്തരം സർട്ടിഫിക്കറ്റുകളുടെ സാധുത അറിയാൻ സർവകലാശാലകളിലേക്ക് വെരിഫിക്കേഷനായി എത്തുമ്പോൾ ഇവർ സഹായം നൽകും.
നിർണ്ണായക അറസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. നാഗമ്പടത്ത് ദ്രോണ എജ്യൂക്കേഷൻ കൺസൽട്ടൻസി നടത്തുന്ന ലിജോ ജോർജ് വിദ്യാർത്ഥിയിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യു.പി ബോർഡിന്റെ വ്യാജ പ്ലസ്ടു സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പിടിയിലായ അബ്ദുൾ സലാം മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയിൽനിന്ന് നാൽപ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ ബിബിഎ സർട്ടിഫിക്കറ്റാണ് ശരിയാക്കി നൽകിയത്. പെരിന്തൽമണ്ണയിൽ യു.കെ കാളിങ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. കൊച്ചിയിൽ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് നാൽപതിനായിരം രൂപക്ക് തരപ്പെടുത്തി നൽകിയത്.
ഇവരുടെ സ്ഥാപനങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും സർട്ടിഫിക്കറ്റുകളുടേയും ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. യുകെയിലേക്കു പറക്കാൻ വിദ്യാർത്ഥികൾക്കു വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പൊലീസ് പറയുന്നു. കേസിൽ മുഴുവൻ പേരെയും കുടുക്കാൻ പൊലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പാലക്കാട് തൃത്താല കല്ലുങ്ങൽവളപ്പിൽ നഫ്സൽ (38) അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് തട്ടിപ്പിൽ വ്യക്തത വരുന്നത്.
ലണ്ടനിൽ ഹോസ്റ്റൽ മെസിൽ കുറച്ചുകാലം ജോലി ചെയ്ത ഇയാൾ അവിടെവച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽനിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽനിന്ന് ഇയാൾക്കു കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്കു നേരിട്ടു കൈമാറുകയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ചില ട്രാവൽ ഏജൻസികൾക്കും പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നത്.കേരളത്തിനു പുറത്തുള്ള സർവകലാശാലകളുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ സുലഭമായി ലഭിക്കുന്നത്. ഏതു കോഴ്സിന്റെ സർട്ടിഫിക്കറ്റാണ് വേണ്ടത് എന്നതിനനുസരിച്ചാണ് തുക ഈടാക്കുന്നത്. 30,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ ഈടാക്കി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നാണ് വിവരം.
പഠന വീസയിൽ വിദേശത്തേക്കു പോകുന്നവർ അടിസ്ഥാന യോഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ഹാജരാക്കി അനുമതി വാങ്ങണം. ഇത്തരത്തിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്നു കണ്ടെത്തിയത്.വ്യാജ സർട്ടിഫിക്കറ്റുമായി ഇതിനകംതന്നെ നിരവധി പേർ വിദേശത്തേക്കു പറന്നിട്ടുണ്ടെന്നാണു വിവരം. ഇൻസ്പെക്ടർ പി.എം ബൈജു, എസ്ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ്, എ.എസ്. ഐ പ്രമോദ്, എസ്.സിപിഒ മാരായ നവീൻ ദാസ്, റോണി അഗസ്റ്റിൻ, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ