ആലപ്പുഴ: 17 വർഷം മുൻപ് കാണാതായ മാരാരിക്കുളം സ്വദേശിനിയെ പാലക്കാട്ട് നിന്നും കണ്ടെത്തി. വർഷങ്ങൾ നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ യുവതിയ പാലക്കാടുണ്ടെന്ന് മനസ്സിലാക്കുക ആയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച യുവതി അച്ഛനമ്മമാരും സഹോദരനുമായി കൂടിക്കാഴ്ച നടത്തി.

2004 ൽ ആന്ധ്രയിൽ അദ്ധ്യാപക ജോലിക്കു പോയതായിരുന്നു 26 വയസ്സുള്ള യുവതി. അവിടെ വെച്ച് പിന്നീട് യുവതിയെ കാണാതാകുകയായിരുന്നു. വീട്ടുകാർ അവർ ജോലി ചെയ്തിരുന്ന സ്‌കൂളിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 2015 ൽ ഇവരുടെ പേരിലുള്ള ആധാർ കാർഡ് മാരാരിക്കുളത്തെ വീട്ടിലെത്തി. അതിൽ ഭർത്താവിന്റെ സ്ഥാനത്ത് അടുത്ത ബന്ധുവിന്റെ പേര് കണ്ടതോടെ ചോദിച്ചെങ്കിലും കാണാതായ യുവതിയെപ്പറ്റി ഒരു വിവരവുമില്ലെന്ന് അയാൾ പറഞ്ഞു.

പിന്നീട് ആന്ധ്രയിലെ പല ഭാഗങ്ങളിലെ പബ്ലിക് ബൂത്തിൽ നിന്ന് ഈ യുവതി ബന്ധുക്കളെ വിളിച്ചു. ആന്ധ്ര സ്വദേശിയെ വിവാഹം ചെയ്‌തെന്ന് അറിയിച്ച അവർ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ അയയ്ക്കുകയും ചെയ്തു. ബന്ധുവായ ആൾ ഈ യുവതിയെ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്നു സംശയിച്ച് വീട്ടുകാർ 2017 ൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. കോടതി പൊലീസ് അന്വേഷണത്തിനു നിർദ്ദേശിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.വി.ബെന്നി കേസ് ഏറ്റെടുത്തു. അന്വേഷണത്തിൽ യുവതി പാലക്കാട്ട് ഉണ്ടെന്നും വീട്ടുകാർ സംശയിക്കുന്ന ബന്ധു യുവതിയെ സ്ഥിരമായി രഹസ്യ നമ്പറിൽ ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.