തിരുവനന്തപുരം: രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തിന്റെ സ്‌കൂൾ കാലത്തിന് ഇന്ന് തുടക്കം. കോവിഡിനോട് ബൈ പറഞ്ഞ് വീണ്ടും ആ സ്‌കൂൾ കാലഘട്ടത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് കുട്ടികൾ. കർശനമായ സുരക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് 19 മാസത്തിനു ശേഷം വീണ്ടും സ്‌കൂളുകളിലെത്തുന്നത്. സംസ്ഥാനതല പ്രവേശനോത്സവം ഇന്നു രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്‌കൂളിൽ നടക്കും. തിരക്ക് ഒഴിവാക്കാൻ 8, 9 ക്ലാസുകൾ 15 നാണു തുടങ്ങുക. പ്ലസ് വൺ ക്ലാസുകളും 15നു തുടങ്ങും. സ്‌കൂളുകൾ പൂർണ സജ്ജമായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

രണ്ട് വർഷം നീണ്ട ഓൺലൈൻ പഠനത്തിന് ശേഷമാണ് കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. വീട്ടിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഓൺലൈൻ ക്ലാസിൽ ഇരിക്കുകയും ബാക്കി സമയം ഉല്ലസിക്കുകയോ വിശ്രമിക്കുകയോ ചെയ്തു ശീലിച്ചശേഷമാണു സ്‌കൂളിലെത്തുന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായി പഠനമെന്നതിനെക്കാൾ ഉല്ലാസത്തിനും മറ്റുമുള്ള സമയവും ഷെഡ്യൂൾ ചെയ്യണം. ഇടയ്ക്ക് ഇത്തിരി പാട്ടും ഡാൻസുമൊക്കെ ക്ലാസ്മുറിയിൽ ആവാം.

കോവിഡ് വന്നു വീട്ടിലായപ്പോൾ സ്‌കൂൾ മിസ് ചെയ്യുന്നു എന്നു പറഞ്ഞ കുട്ടികൾ ഇനി വീട്ടിലിരുന്ന കാാലവും അച്ഛനമ്മ സഹോദരങ്ങളേയും കുറച്ച് കാലം മിസ് ചെയ്യും. സ്‌കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയവും എടുക്കും.കാരണം സ്‌കൂളിൽ പോകാത്ത ബോറടിക്കാലത്ത് വീട്ടിൽ മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇത്രകാലം ചെലവിട്ടത് അപൂർവ സന്തോഷമാണ്. ഈ സന്തോഷം ഇല്ലാതാകുമോ? വീട് മിസ് ചെയ്യുമോ? ഉറപ്പായും ഈ 'ഹോം സിക്ക്‌നസ്' ഉണ്ടാകുമെന്നു കുട്ടികൾക്കിടയിൽ കൗൺസലിങ് നടത്തുന്നവർ പറയുന്നു. പരിഹാരമുണ്ട്. കോവിഡ് കാലത്തെ വീട്ടന്തരീക്ഷത്തിലെ സന്തോഷ നിമിഷങ്ങൾ വീണ്ടും സൃഷ്ടിക്കുക. കുട്ടികൾ സ്‌കൂളിലേക്കു പോകുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്ന് ആലിംഗനം ചെയ്യുക. നെറുകയിൽ, കവിളിൽ ഒരുമ്മ നൽകുക. വൈകിട്ടെങ്കിലും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. സ്‌കൂളിലെ അനുഭവങ്ങൾ തീന്മേശയിൽ പങ്കുവയ്ക്കുക.

ഓൺലൈൻ ക്ലാസിന്റെ ആരും ശ്രദ്ധിക്കാത്ത ഗുണമായിരുന്നു സഹപാഠികളുടെ മുഖം മുഴുവനായി കാണാമെന്നത്. മുഖം കണ്ട്, ഇഷ്ടംകൂടി, ചിരിച്ചുല്ലസിച്ച ഓൺലൈൻ ക്ലാസുകൾ കഴിയുന്നു. ഓൺലൈൻ ക്ലാസ് ഓഫ് ആയി സ്‌കൂൾ തുറക്കുന്നതോടെ ദേ പോയി, മുഖവും ചിരിയും. ക്ലാസ്സിൽ മാസ്‌ക് നിർബന്ധമാണല്ലോ.

ഇതാ അതിനൊരു ഉഗ്രൻ സൂത്രം. മാസ്‌ക് വച്ച് ഒന്നു നന്നായി പുഞ്ചിരിച്ചു നോക്കൂ... ആ, അങ്ങനെ..! നിങ്ങളുടെ കണ്ണുകളുടെ ചുറ്റും ചിരിയുടെ ചുണ്ടുകൾ വിടുന്നില്ലേ. ഉണ്ട്. കൺ മാസ്‌കിട്ട ചിരിയുടെ ചുണ്ടുകൾ. കണ്ണിന്റെ ചിരിക്കു പ്രകാശം കൂടുതലാണ്. ഉള്ളതിൽ ആനന്ദം കണ്ടെത്താൻ പരിശീലിക്കാം..!