തൃശൂർ: കേരള സംസ്ഥാനത്തിന്റെ 65-ാം പിറന്നൾ ആഘോഷമാണ് ഇന്ന്. മലയാളികൾ ഇന്ന് കേരളപ്പിറവി ആഘോഷിക്കുമ്പോഴും സംസ്ഥാനത്തിന് സ്വന്തമായൊരു ഗാനമില്ല. കേരളത്തിന് സ്വന്തമായൊരു ഗാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് മൂന്നര വർഷമായി! എന്നാൽ ഇനിയും ആ ഗാനം പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിനു കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുടെ യോഗത്തിലാണു സംസ്ഥാനഗാനമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചത്. ഗാനം തിരഞ്ഞെടുക്കാൻ സാഹിത്യ അക്കാദമിയെ ചുമതലയേൽപ്പിച്ചു. ഗാനങ്ങളുടെ അന്തിമ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അതിൽ നിന്ന് ഒരു ഗാനം തിരഞ്ഞെടുത്താൽ മതിയെന്നും അക്കാദമി പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ഇനിയും ആ ഗാനം പ്രഖ്യാപിച്ചിട്ടില്ല.

അക്കാദമി അഞ്ചംഗ സമിതിയെ ഇതിനായി നിയോഗിച്ചു. എന്നാൽ, പല പല ആവശ്യങ്ങൾ പല കോണുകളിൽ നിന്നു വന്നപ്പോൾ തിരഞ്ഞെടുപ്പു മുടങ്ങി. വ്യക്തികളും സമുദായ സംഘടനകളും നിർദേശങ്ങൾ വച്ചിരുന്നു. ജീവിച്ചിരിക്കുന്നവരുടെ ഗാനങ്ങൾ തിരഞ്ഞെടുക്കേണ്ടെന്നും സമിതി തീരുമാനിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ മുതിർന്ന അംഗങ്ങൾക്ക് യോഗത്തിനെത്താനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് തിരഞ്ഞെടുപ്പ് വൈകുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം. എം.ലീലാവതി, എം.ആർ.രാഘവ വാരിയർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ, ഏഴാച്ചേരി രാമചന്ദ്രൻ, എം.എം.ബഷീർ എന്നിവരാണു സമിതി അംഗങ്ങൾ.