ഹൂസ്റ്റൺ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ സ്‌ക്കിൻഡർ ഡ്രൈവിലെ വീടിനകത്ത് നടന്നു കൊണ്ടിരുന്ന ഹാലോവിൻ പാർട്ടിയിൽ രണ്ടു ഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 18 വയസ്സുള്ള യുവതി മരിക്കുകയും 16 വയസ്സുള്ള ആൺകുട്ടിക്കു വെടിയേൽക്കുകയും ചെയ്തു. വെടിവയ്പിൽ കൂടുതൽ പേർക്കു പരുക്കേറ്റിണ്ടുണ്ടാകാമെന്നു ഹാരിസ് കൗണ്ടി പൊലിസ് പറഞ്ഞു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാരിസ് കൗണ്ടി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡുക്കേഷൻ ബോർഡ് അംഗത്തിന്റെ മകളാണ് വെടിയേറ്റു മരിച്ച അലക്‌സിസ് കാൻണ്ട്. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ വീട്ടുടമസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്നു പൊലിസ് പറഞ്ഞു.

വെടിവയ്ക്കുന്നതിന് ഉപയോഗിച്ചു എന്നു സംശയിക്കുന്ന തോക്ക് പൊലിസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഒന്നിൽ കൂടുതൽ തോക്കുകൾ ഉപയോഗിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. ആരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലിസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കണമെന്നും പൊലിസ് അഭ്യർത്ഥിച്ചു