- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സോഷ്യൽ മീഡിയയെ സാമൂഹിക വളർച്ചക്കായി ഉപയോഗപ്പെടുത്താം- അൻവർ ഹുസൈൻ
ദോഹ: സാമൂഹിക വളർച്ചക്കായി സോഷ്യൽ മീഡിയകളെ ഉപയോഗപ്പെടുത്തണമെന്നും സാംസ്‌കാരിക വൈജാത്യങ്ങളെ അംഗീകരിച്ച് മാത്രമേ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ സാധ്യമാകുകയുള്ളൂവെന്നും ക്യൂ.എഫ്. എം റേഡിയോ നെറ്റ്‌വർക്ക് ഡയറക്ടറും സിഇഒ യുമായ അൻവർ ഹുസൈൻ. സാമൂഹിക മാധ്യമങ്ങളിലെ വർഗീയ, വംശീയ ധ്രുവീകരണങ്ങളെ സ്‌നേഹത്തിലൂടെയും സഹിഷ്ണുതയിലൂടെയും മറികടക്കാമെന്നും വെറുപ്പിന്റെ ഇടങ്ങളിൽ നിന്നും മാറി നിൽക്കുകകയാണുചിതമെന്നും അൻവർ ഹുസൈൻ പറഞ്ഞു.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം കരുത്തരാവുക, കരുതലാവുക' കാമ്പയിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വത്തിന് അനുകൂലവും ഫാസിസത്തിന് എതിരുമാണ് സാമൂഹിക മാധ്യമ ഇടപെടലുകളെന്നും മുഖ്യധാരാ മാധ്യമങ്ങൾ കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി പേനയുന്തുമ്പോൾ നമ്മുടേതായ, ജനപക്ഷ അഭിപ്രായ പ്രകടനം നടത്താനുള്ള ഇടമാണ് സാമൂഹിക മാധ്യമങ്ങളെന്ന് മീറ്റിൽ സംസാരിച്ച പ്രദോഷ് കുമാർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നമുക്ക് മുന്നിലുള്ള സാധ്യതകളെ അതേ സംവിധാനം വ്യത്യസ്ത മാർഗങ്ങളിലൂടെ തടയിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത രാഷ്ട്രീയം പറയുന്നവരാണ് സാമൂഹിക മാധ്യമങ്ങളിലുള്ളതെന്നും പ്രതികൂലമായതിനെ അടിച്ചമർത്താതെ സംവാദാത്മകമായും സഹിഷ്ണുതയോടെയും പ്രതിരോധിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പ്രമോദ് ശങ്കരൻ പറഞ്ഞു. ജസീം ചേരാപുരം, നംഷീർ ബടേരി, ലുഖ്മാനുൽ ഹകീം, ലിന്റോ തോമസ്, ബിലാൽ കെടി, ബിജു സ്‌കറിയ, മുഫീദ അഹദ്, വാഹിദ സുബി എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ് മുസ്തഫ പെരുമ്പാവൂർ മീറ്റിന് അധ്യക്ഷത വഹിച്ചു. അബൂബക്കർ പട്ടാമ്പി സ്വാഗതം പറഞ്ഞു.ഒരു മാസം നീണ്ടുനിൽക്കുന്ന യൂത്ത് ഫോറം കാമ്പയിൻ നവംബർ 15ന് സമാപിക്കും.