തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ.

ശ്വാസ തടസ്സം മൂലമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്.

രാഷ്ട്രീയ രംഗത്ത് നിന്നും വർഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. രണ്ട് വർഷമായി വി എസ് വീട്ടിൽ തന്നെ വിശ്രമത്തിലാണ്.

2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു.