ബെയ്ജിങ്: ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യം ചർച്ചയാകുന്നതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണമെത്തി. നേരിട്ടു പങ്കെടുക്കാൻ പറ്റാതിരുന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിന് വിഡിയോ ലിങ്ക് വഴി പ്രസംഗിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുകെയിലെ സംഘാടകർ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചത്.

ഭൂമിക്കായി ബെസോസിന്റെ 200 കോടി ഡോളർ
കാലാവസ്ഥാ മാറ്റത്തിനെതിരെ ഭൂപ്രകൃതിയുടെ സ്വാഭ്വാവികത വീണ്ടെടുക്കാനും കാർഷിരംഗത്തു പരിഷ്‌കാരപദ്ധതികൾ നടപ്പിലാക്കാനുമായി 200 കോടി ഡോളർ നീക്കിവയ്ക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. എന്താണോ ഭൂമിയിൽ ബാക്കിയുള്ളത് അതു സംരക്ഷിക്കുക, നഷ്ടമായതു തിരിച്ചുപിടിക്കുക, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുള്ള കാർഷിക ഇനങ്ങൾ വിളയിക്കുക എന്നിങ്ങനെ ത്രിതല പരിപാടിയാണു വിഭാവന ചെയ്തിരിക്കുന്നത്.