കൊച്ചി: നടൻ ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ടു യുവാവിന്റെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലത്തിന്റെ ഇടപ്പള്ളി ഭാഗത്തേയ്ക്കു പോകുന്ന ട്രാക്കിൽ വടക്കേ അറ്റത്തു വാഹനം കുറുകെ ഇട്ടുള്ള പ്രതിഷേധം അരങ്ങേറിയത്.

ദേശീയപാതയിൽ മാർഗ തടസമുണ്ടാക്കിയ യൂത്ത് കോൺഗ്രസുകാരെ എതിർത്ത ജോജുവിന് ആളുകൾ വേണ്ടത്ര പിന്തുണ നൽകിയില്ല എന്നായിരുന്നു യുവാവിന്റെ പരിഭവം. വഴിതടയൽ വിവാദം കൊഴുത്തു നിൽക്കെ തൃശൂർ കൈപ്പമംഗലം സ്വദേശി പ്രണവിന്റേതായിരുന്നു പ്രതിഷേധം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനേയും വാഹനത്തേയും കസ്റ്റഡിയിൽ എടുത്തു. മാർഗ തടസം സൃഷ്ടിച്ചതിന് ഇയാളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. വാഹനം സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിന്നീടു വിട്ടു നൽകി. കോൺഗ്രസുകാരോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ജോജുവിനു പിന്തുണ നൽകുന്നെന്നുമായിരുന്നു പൊലീസുകാരുടെ ചോദ്യത്തിന് യുവാവിന്റെ മറുപടി.

പൊതുനിരത്തിൽ മാർഗ തടസം സൃഷ്ടിക്കുന്നത് നിയമ വിരുദ്ധം
പൊതുനിരത്തിൽ മാർഗ തടസം സൃഷ്ടിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്. എന്നാൽ വാഹനം ബ്രേക്ക് ഡൗൺ ആയാൽ പിഴ അടയ്‌ക്കേണ്ടതില്ല. ബോധപൂർവം മാർഗതടസം സൃഷ്ടിച്ചാൽ പിഴയും വാഹനം എടുത്തു മാറ്റുന്നതിനുണ്ടാകുന്ന ചിലവും നൽകേണ്ടിവരും. അടുത്തിടെ ഡൽഹി അതിർത്തിയിലെ കർഷകരുടെ റോഡ് ഉപരോധത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പൊതുനിരത്തുകളിലെ ഗതാഗത്തിന് തടസം സൃഷ്ടിക്കരുതെന്നും ആളുകൾക്ക് സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കൂടാതെ വാഹനത്തിന് കടന്നുപോകുനുള്ള വഴി നൽകിയതിന് ശേഷം മാത്രമേ പ്രതിഷേധം നടത്താൻ പാടുള്ളു എന്നും നിർദ്ദേശിച്ചിരുന്നു.