ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പൊലീസുകാരിക്ക് ദാരുണാന്ത്യം. മുത്തിയാൽപ്പെട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കവിതയാണ് (47) മരിച്ചത്. മരത്തിനിടയിൽപ്പെട്ട കവിത സംഭവസ്ഥലത്തുതന്നെ മരിക്കുക ആയിരുന്നു. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെല്ലിനുസമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മരം വീണ് പരിക്കേറ്റ പൊലീസുകാരൻ മുരുകൻ (46), രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അഗ്‌നിരക്ഷാ സേനാംഗം സെന്തിൽകുമാർ (51) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കവിതയും മുരുകനും സെക്രട്ടേറിയറ്റിൽ ജോലിചെയ്തുവരുകയായിരുന്നു. നാലാംഗേറ്റിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് വലിയ മരം കടപുഴകിവീണത്. മരത്തെ തറകെട്ടി സംരക്ഷിച്ചിരുന്നു. രണ്ടുദിവസത്തെ കനത്ത മഴയെത്തുടർന്നാണ് മരത്തിന്റെ വേരറ്റതെന്ന് പൊലീസുകാർ പറഞ്ഞു. പരിക്കേറ്റ മുരുകൻ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി

മരംവെട്ടിനീക്കുന്നതിനിടെയാണ് സെന്തിൽകുമാറിന് പരിക്കേറ്റത്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ചീഫ് സെക്രട്ടറി വി. ഇറൈ അൻപ്, ഡി.ജി.പി. സി.ശൈലേന്ദ്രബാബു തുടങ്ങിയ മുതിർന്ന ഉദ്യോസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

കവിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആദരാഞ്ജലിയർപ്പിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആർക്കോണം സ്വദേശിയായ കവിത 2005-ലാണ് പൊലീസ് സേനയിൽ ചേർന്നത്. കുടുംബത്തോടെ തണ്ടയാർപ്പേട്ടയിലായിരുന്നു താമസം. മൂന്നുമക്കളുണ്ട്.