കൊല്ലം: മലയാളികളുടെ രാവിലത്തെ പതിവാണ് ഒരു ഗ്ലാസ് ചായ. ചായയുടെ രുചി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ ചായയുടെ രുചി വൈവിധ്യവുമായി കച്ചവലടം പൊടിപൊടിക്കുകയാണ് മൂന്ന് ചെറുപ്പക്കാർ. കൊല്ലം പള്ളിമുക്കിലെ ബി.ടെക് ചായ അമ്പതിനം ചായയാണ് ജനങ്ങളെ പരിചയപ്പെടുത്തുന്നത്. കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ മൂന്ന് ബി.ടെക് ബിരുദധാരികളാണ് പുത്തൻ രുചിക്കൂട്ടിന്റെ അമരക്കാർ.

കോവിഡ് കാലം വന്നതോടെ ജോലി ഇല്ലാതാവുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് ഈ മൂന്ന് ചെറുപ്പക്കാരും ചായക്കച്ചവടത്തിലേക്ക് തിരിയുന്നത്. കണ്ണനല്ലൂർ യൂനുസ് കോളേജിൽനിന്ന് 2019-ൽ ബി.ടെക് വിജയിച്ച അയത്തിൽ സ്വദേശി അനന്തുവും സഹപാഠിയും സുഹൃത്തുമായ കുളപ്പാടം തയ്ക്കാമുക്ക് സ്വദേശി മുഹമ്മദ് ഷാഫിയും സഹോദരൻ ഷാനവാസുമാണ് കോവിഡ് കാലത്തെ തൊഴിൽപ്രതിസന്ധി മറികടക്കാൻ വിജയദശമിദിനത്തിൽ ചായക്കട തുടങ്ങിയത്.

ബി.ടെക് കഴിഞ്ഞിറങ്ങിയ അനന്തുവിനും ഷാഫിക്കും ലോക്ഡൗണും കോവിഡ്കാലത്തെ പ്രതിസന്ധിയും തൊഴിലിൽതുടരാൻ തടസ്സമായി. തുച്ഛമായ വരുമാനത്തിൽനിന്ന് ജീവിതച്ചെലവുകൾ കണ്ടെത്താൻ കഴിയാതെയുമായി. ബി.ടെക് കഴിഞ്ഞ് ദുബായിലും ഗുജറാത്തിലും വിവിധ കമ്പനികളിൽ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസിനും അടച്ചിടൽകാലം പ്രയാസങ്ങൾ നിറഞ്ഞതായി. നാട്ടിൽത്തന്നെ എന്തെങ്കിലും തൊഴിൽ കണ്ടെത്താനായി മൂവരുടേയും ശ്രമം.

ചായപ്രിയരായ മൂവരും ഇതോടെ സ്വന്തമായി ചായക്കട തുടങ്ങാനായി ശ്രമം. വീട്ടുകാരുടെ എതിർപ്പു മറികടന്നു. കൂട്ടുകാർ സഹായവുമായി കൂടെനിന്നു. മൂവരും ആദ്യം ഒരു ഉന്തുവണ്ടി സ്വന്തമാക്കി, രൂപമാറ്റംവരുത്തി കടയാക്കി. ബി.ടെക് ചായയെന്ന് പേരുമിട്ടു. മുളയും പാഴ്‌ത്തടികളും ടയറുംകൊണ്ട് ഇരിപ്പിടങ്ങളൊരുക്കി. പള്ളിമുക്കിൽ വഴിയോരത്ത് കച്ചവടവും തുടങ്ങി. വ്യത്യസ്ത രീതിയിലുള്ള ചായ കുടിക്കാൻ കടയിൽ നാട്ടുകാരുടെ തിരക്കായി.

തങ്ങളുടേതായ മസാലക്കൂട്ടുകൾകൊണ്ട് ഒരുക്കിയ ജിഞ്ച എന്ന സ്‌പെഷ്യൽ ചായയ്ക്ക് സ്വീകാര്യതയേറിയപ്പോൾ മൂവർക്കും ആത്മവിശ്വാസമേറി. സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധ കമ്പനികളുടെ ചോക്ലേറ്റുകൾ, ബദാം, പിസ്ത അങ്ങനെ ചായയ്ക്ക് രുചിവൈവിധ്യങ്ങളനവധിയായി. ഓരോമാസവും ഓരോ സ്‌പെഷ്യൽ ചായക്കൂടി മെനുവിൽ ഉൾപ്പെടുത്താനുള്ള പരീക്ഷണവും മൂവരും നടത്തുന്നു. കുടുംബശ്രീയിലെ വനിതകൾ തയ്യാറാക്കിയ പലഹാരങ്ങളും മലബാർ സ്‌പെഷ്യൽ വിഭവങ്ങളും ചായക്കൊപ്പം ചൂടോടെ വിളമ്പുന്നുണ്ട്.

വിഭവവൈവിധ്യമുള്ളതിനാൽ വഴിയോരക്കടയിൽ വൈകുന്നേരം മൂന്നുമുതൽ പുലർച്ചെ മൂന്നുവരെ തിരക്കോടു തിരക്കാണ്. മഴയുള്ള ദിവസങ്ങളിൽ കടയ്ക്കുമുന്നിൽനിന്ന് മഴ നനഞ്ഞുതന്നെ ചായ കുടിക്കാൻ യുവാക്കളുടെ നിര. ചായ തയ്യാറാക്കാൻ ഇപ്പോൾ ഒരു സഹായിയുമുണ്ട്. കടയിൽ തിരക്കേറിയതോടെ കച്ചവടം വഴിയോരത്തുനിന്ന് മാറ്റണമെന്നായി അധികൃതർ. പ്രതിസന്ധികാലം കടന്നിട്ടില്ലെങ്കിലും പുതിയ കട കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ടെക് കൂട്ടുകാർ.