ഹിരണ്യന്റെ നാട്ടിൽ ഹിരണ്യായ നമഃ എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ഉത്തരകൊറിയൻ ഏകാധിപതി. ഇത്രനാളും പ്രഘോഷിച്ചുകൊണ്ടിരുന്ന കമ്മ്യുണിസത്തെ മാത്രമല്ല സ്വന്തം അച്ഛനേയും മുത്തച്ഛനേയുമൊക്കെ തള്ളിപ്പറഞ്ഞ് ഉത്തരകൊറിയൻ ചരിത്രത്തിലെ ഏക വീരനായകനാകാനുള്ള ശ്രമത്തിലാണ് കിം ജോംഗ് ഉൻ.

പൊതുയിടങ്ങളിൽ നിന്നെല്ലാം തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും ചിത്രങ്ങൾ നീക്കംചെയ്യാൻ ഉത്തരവിട്ട ഉൻ, തന്റെ ആശയസംഹിതയായ കിങ്ജോംഗ്ഉനിസം പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകിക്കഴിഞ്ഞിരിക്കുന്നു. പ്യോംഗ്യാംഗിലെ കെട്ടിടങ്ങളിൽനിന്നുംഉത്തരകൊറിയയുടെ സ്ഥാപകനായ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെയും, സ്വന്തം പിതാവും മുൻ ഭരണാധികാരിയുമായ കിം ജോംഗ് ഇലിന്റെയും ചിത്രങ്ങൾ നീക്കിക്കൊണ്ടാണ് ഉൻ തന്റെ പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കിംജോംഗ്ഉനിസം എന്ന വാക്ക് ഇപ്പോൾ ഔദ്യോഗികമായി തന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുൻപ് ഉന്നിന്റെ മുത്തച്ഛനെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന മഹാനായ നേതാവ് എന്ന പദം ഇപ്പോൾ കിം ജോംഗ് ഉനിനെ പരാമർശിക്കാനാണ് ഉപയോഗിക്കുന്നതെന്നും അവർ പറയുന്നു.

മുൻഗാമികളോട് എന്നും ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു കിം കുടുംബത്തിന്റെ പാരമ്പര്യമെന്നും അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ ഉൻ ചെയ്യുന്നതെന്നും ഉത്തര കൊറിയൻ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ വിലയിരുത്തുന്നു. ഏന്നാൽ, അതിനേക്കാൾ ഏറെ രസകരമായ കാര്യം കമ്മ്യുണിസത്തിന്റെ പേരിൽ അധികാരത്തിലേറിയ ഉൻ ഇപ്പോൾ കാൾ മാർക്സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയുമൊക്കെ കൃതികൾ നിരോധിച്ചിരിക്കുന്നു എന്നതാണ്. ഇവയ്ക്ക് ബദലായി തന്റെ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ ഏകാധിപതി.

ഭരണാധികാരമേറ്റെടുത്ത് പത്ത് വർഷം തികയാൻ ഇനി കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ അധികാരത്തിനുമേൽ തനിക്കുള്ള പിടി ഉറപ്പിക്കുന്നതാണ് ഈ നടപടി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തന്റെതായ രീതിയിൽ ചരിത്രത്തിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു ഏകാധിപതിയാണ് കിം ജോംഗ് ഉൻ എന്നാണ് നിരീക്ഷകർ പറയുന്നത്. കിംജോംഗ്ഉനിസം എന്ന വാക്ക് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

എന്നാൽ, അനൗപചാരികമായി ഉപയോഗത്തിലിരിക്കുന്ന ഈ പദം പുറം ലോകത്തെത്തിച്ചത് ദക്ഷിണ കൊറിയയുടെ ചാരസംഘടനയാണ്. നേരത്തേ 1970 കളിൽ രാജ്യസ്ഥാപകനായ കിം ഇൽ സുംഗിന്റെ ആശയങ്ങളെ പരാമർശിക്കാൻ കിം ഇൽ സുംഗിസ്ം എന്ന പദം ഉപയോഗിച്ചിരുന്നു.