രാജ്യത്ത് ഒരോ ദിവസവും കോവിഡ് കണക്കുകൾ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിനം പ്രതിയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് 2000 കടന്നത് കഴിഞ്ഞ ആഴ്ചയാണെങ്കിൽ ഇതിന് ശേഷം വളരെ പെട്ടെന്ന് തന്നെ 3000 ത്തിനു മുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനെ ചെറുക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

ആഴ്ചകൾക്കുള്ളിൽ കേസുകൾ പ്രതിദിനം 5,000 കവിയുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.3726 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 493 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 90 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇനിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്നതാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇപ്പോൾ ആലോചിക്കുന്നത്.

നെറ്റ് ക്ലബ്ബുകളും പബ്ബുകളും അടക്കമുള്ള ഇൻഡോർ പരിപാടികൾ രാജ്യത്ത് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇതും വ്യാപനം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ . വാക്സിനേഷൻ വിജയകരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലെ കുറവ് ഇതാണ് വ്യക്തമാക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നു.

കടുത്ത നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്ന് ഡോണെല്ലി തീർത്തു പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ബൂസ്റ്റർ ഡോസ്, വീടുകളിൽ ആന്റിജൻ ടെസ്റ്റുകൾ, സീരിയൽ ടെസ്റ്റിങ്, വാർഷിക ഫ്‌ളൂ ജാബ് ഡ്രൈവ് എന്നിവയൊക്കെയാണ് കോവിഡിനെ നേരിടാനുള്ള സർക്കാർ പദ്ധതികളെന്ന് മന്ത്രി വിശദീകരിച്ചു. സർക്കാരിനും വ്യവസായത്തിനും വ്യക്തികൾക്കുമെല്ലാം ഈ പദ്ധതിയിൽ പങ്കുകൾ നിർവ്വഹിക്കാനുണ്ട്.

ഫെബ്രുവരി 9 വരെ എമർജൻസി നിയന്ത്രണങ്ങൾ നീട്ടാൻ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഫേസ് മാസ്‌കുകൾ, കോവിഡ് പാസുകൾ, എൻഫോഴ്സ്മെന്റ് അധികാരങ്ങൾ, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരമായ പെനാൽറ്റി നോട്ടീസുകൾ എന്നിവയ്ക്കായി എമർജൻസി പവർ നിയമനിർമ്മാണം വരും. ഈ നിയമങ്ങൾ നവംബർ 9ന് കാലഹരണപ്പെടേണ്ടതായിരുന്നു. പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇവ നീട്ടുന്നത്.