- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജി സർവകലാശാലയിലെ ജാതി വിവേചനം: ഭരണകൂട നിസ്സംഗത അവസാനിപ്പിക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ദീപ പി മോഹനനോട് സർവകലാശാല അധികൃതർ പത്തു വർഷത്തോളമായി തുടരുന്ന ജാതി വിവേചനം അവസാനിപ്പിക്കുന്നതിന് ഇടതു സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നാനോ സയൻസിൽ ഗവേഷണം ചെയ്യുന്ന ദളിത് വിദ്യാർത്ഥിനി ദീപ പി. മോഹനനെതിരെ ജാതീയ വിവേചനം തുടരുന്ന എംജി സർവകലാശാല അധികൃതർക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും സധൈര്യം വിവേചന നടപടികൾ തുടരുകയാണ്. പത്തു വർഷം പിന്നിടുന്ന ഗവേഷണ വിദ്യാർത്ഥിനിയെ ജാതീയ അധിക്ഷേപം കൊണ്ട് അപമാനിക്കുകയും അവരുടെ തിസീസ് തള്ളിക്കളയുകയും ചെയ്യുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. നിരാഹാര സമരത്തിലേക്ക് ഒരു ഗവേഷക വിദ്യാർത്ഥിക്ക് നീങ്ങേണ്ടി വരുന്നത് കേരള നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ്. കേരളം ജാതി വിവേചനരഹിതമാണെന്ന സർക്കാറിന്റെ വാദം വ്യാജ പ്രചരണങ്ങൾ മാത്രമാണെന്നതാണ് നിലവിലെ സർവകലാശാലയിലെ സവർണ അധികാരികൾ തെളിയിക്കുന്നത്. എംജി സർവകലാശാലയിലെ വിദ്യാർത്ഥിനിയോടുള്ള ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് കോടതി ഇടപെട്ട് കൊണ്ട് ആവശ്യമുന്നയിച്ചിട്ടു പോലും അതിനെ മറികടക്കുന്ന വിവേചന ഭീകരതയാണ് സർവകലാശാലകളിൽ നടക്കുന്നത്.
പഠനോപകരണങ്ങൾ നൽകാതിരിക്കുക, പരസ്യമായി അധിക്ഷേപിക്കുക, തീസിസ് കറക്റ്റ് ചെയ്യാതിരിക്കുക തുടങ്ങിയ ഗുരുതരമായ വിവേചനങ്ങളാണ് പി.എച്ച്.ഡി ഗൈഡ് ആയ നന്ദകുമാർ കളരിക്കൽ ദീപ പി. മോഹനനോട് ചെയ്തത്. ഇത്തരം വിവേചനങ്ങളോട് യൂണിവേഴ്‌സിറ്റി അധികൃതരും ഭരണകൂടവും നിസ്സംഗത പുലർത്തുന്നു എന്നുള്ളത് തന്നെ ജാതി വിവേചനം കേരളത്തിന്റെ അന്തരീക്ഷത്തിൽ ശക്തമാണ് എന്നതിന്റെ തെളിവാണ്. വിദ്യാഭ്യാസവും അധികാരവും സവർണ സമൂഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന ഫാസിസ്റ്റ് മനോഭാവമാണ് ജാതി വിവേചനത്തിലൂടെ പ്രതിഫലിക്കുന്നത്. രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ശേഷം രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഉയർന്നുവന്ന ജാതി വിരുദ്ധ പോരാട്ടങ്ങൾ കേരളത്തിന്റെ മണ്ണിൽ ജനാധിപത്യപരമായി ഇനിയും ശക്തിപ്പെടുത്തേണ്ടുന്ന സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.