തിരുവനന്തപുരം: ഇന്ധനവില കുറച്ചതിന് പിന്നിൽ കോൺഗ്രസ് ഇടപടെലെന്ന് നേതാക്കൾ. സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തിയ തുടർ സമരങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവയിലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് നൽകിയിട്ടുള്ളത്. നാളെ മുതൽ പുതുക്കിയ ഇളവ് പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ച് ഉയരുന്നതിൽ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെ ആണ് നടപടി.ഒരു ലിറ്റർ പെട്രോളിന് 48 പൈസയാണ് ഇന്നലെ കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില 112 രൂപ 59 പൈസയാണ്. ഏഴ് ദിവസം തുടർച്ചയായി ഇന്ധനവില വർധിച്ചിരുന്നു. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എൺപത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറിൽ കൂടിയത്.