പരിയാരം: മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും തിരികെ നൽകി സത്യസന്ധനായ ഒരു കള്ളൻ! കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.നിവർത്തികേട് കൊണ്ട് ചെയ്ത തെറ്റിന് മാപ്പ്. പരിയാരം പഞ്ചായത്ത് വായാട് തിരുവട്ടൂർ അഷ്‌റഫ് കൊട്ടോലയുടെ തറവാടു വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 3 കവറുകൾ കണ്ടത്. തുറന്നുനോക്കിയപ്പോൾ പണവും ആഭരണവും ഒരു കത്തും.

1,91,500 രൂപയും നാലര പവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളുമാണ് കവറുകളിൽ ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പുചോദിക്കുന്നുവെന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്. ഇത് പല വീടുകളിൽ നിന്നും മോഷ്ടിച്ച പണവും സ്വർണവുമായിരുന്നു.

അതുകൊണ്ട് തന്നെ മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നൽകാനുണ്ടെന്നുള്ള വിവരവും കത്തിൽ രേഖപ്പെടുത്തിയിരുന്നു. വീട്ടുകാർ ഇവ പരിയാരം പൊലീസിൽ ഏൽപിച്ചു. പൊലീസ് അതു കോടതിയിൽ ഹാജരാക്കി.

ലോക്ഡൗൺ നാളുകളിൽ പ്രദേശത്ത് അടയ്ക്ക, റബർ തുടങ്ങിയവയും സ്വർണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. അന്വേഷണം ഊർജിതമായതോടെയാണു പ്രതി മോഷണ മുതൽ ഉപേക്ഷിച്ചതെന്നാണു പൊലീസിന്റെ നിഗമനം.