വാട്‌സാപ്പിൽ എല്ലാവർക്കും ഏറെ ഉപകരിക്കുന്ന ഒരു ഫീച്ചറാണ് ഡിലീറ്റ് ഫോർ എവരിവൺ. ഈ ഫീച്ചറിന്റെ സമയക്രമം മാറ്റാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. നിലവിൽ വാട്സാപ്പിൽ ഒരാൾ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാൾക്ക് ഡിലീറ്റു ചെയ്യാൻ ഏകദേശം 68 മിനിറ്റും 16 സെക്കൻഡുമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനി മൂന്നു മാസത്തിനുള്ളിൽ വരെ ഒരാൾക്ക് താൻ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാൻ സാധിച്ചേക്കാമെന്നാണ് വാബീറ്റാ ഇൻഫോ പറയുന്നത്. ഒരുപക്ഷേ എപ്പോൾ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും പറയുന്നു.

നിലവിൽ, വാട്‌സാപ്പിൽ നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും സമയപരിധിയില്ലാതെ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്്. 2017-ലാണ് വാട്‌സാപ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തിൽ പരിധി ഏഴ് മിനിറ്റായിരുന്നു. 2018-ൽ ഡിലീറ്റ് ഫോർ എവരിവൺ പരിധി 4,096 സെക്കൻഡായി ഉയർത്തി. അതായത് ഒരു മണിക്കൂർ, 8 മിനിറ്റ്, 16 സെക്കൻഡ്.

കൂടാതെ, വാട്‌സാപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈൽ പതിപ്പിനും ഈ പുതിയ ഫീച്ചർ ലഭിക്കും. അതേസമയം, മൊബൈൽ ആപ്ലിക്കേഷനായാണ് രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ചത്. വാട്‌സാപ് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ അയയ്ക്കുന്നതിന് മുൻപ് വെബിലും മൊബൈലിലും എഡിറ്റ് ചെയ്യാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾ സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് സ്റ്റിക്കർ നിർദേശങ്ങൾ നൽകുന്ന ഒരു പുതിയ ഫീച്ചറിലും വാട്‌സാപ് പ്രവർത്തിക്കുന്നുണ്ട്.