- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകവാതക വില; ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: പാചകവാതക വില കുതിച്ചുയരുമ്പോൾ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞദിവസം വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 268 രൂപയാണ് വർധിച്ചത്. 20 രൂപ നിരക്കിൽ ഒരുദിവസം ശരാശരി 1.60 ലക്ഷത്തോളം ഊണുകളാണ് ജനകീയ ഹോട്ടലുകളിൽ ചെലവാകുന്നത്. ദിവസം ആയിരത്തിയഞ്ഞൂറോളം ഊണുകൾ തയ്യാറാക്കുന്ന ഒരു ജനകീയ ഹോട്ടലിന് ദിവസം 19 കിലോഗ്രാമിന്റെ രണ്ടു പാചകവാതക സിലിൻഡറുകൾ വേണം.
വിലവർധനയ്ക്കു മുൻപ് സിലിൻഡറുകൾക്കായി മാസം ഒരുലക്ഷം രൂപയോളമാണ് ചെലവ്. ഇനിയത് ഏകദേശം 1.24 ലക്ഷത്തോളമായി വർധിക്കും. ഒരുഊണിന് സർക്കാരിന്റെ 10 രൂപ സബ്സിഡി അടക്കം 30 രൂപയാണ് സംരംഭകർക്ക് ലഭിക്കുക. അരിയുടെയും പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില കൂടി കണക്കാക്കുമ്പോൾ ഒരു ഊണിന് 22 രൂപയ്ക്ക് മുകളിൽ വേണ്ടിവരും. ജീവനക്കാരുടെ ശമ്പളം, വാടകയടക്കമുള്ള മറ്റു ചെലവുകൾ ഇതിനുപുറമേയാണ്.
ജനകീയഹോട്ടലുകൾക്ക് പുറമേ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന മറ്റു ഹോട്ടലുകൾ, കഫേ, കാറ്ററിങ് യൂണിറ്റ്, ന്യൂട്രിമിക്സ് യൂണിറ്റുകൾ, അച്ചാർ, ചിപ്സ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങിവയെയും പാചകവാതക വിലവർധന പ്രതിസന്ധിയിലാക്കും. ഏകദേശം മുപ്പതിനായിരത്തോളം വനിതകൾ സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ സംരംഭങ്ങൾക്കുള്ള പാചകവാതകത്തിന് ഏതെങ്കിലുംതരത്തിലുള്ള സബ്സിഡി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.