- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാരം ബാഡ്മിന്റൺ താരം അപർണ ബാലന്; അപർണയെ തേടി പരുസ്ക്കാരമെത്തിയത് കഴിഞ്ഞ 15 വർഷക്കാലം ദേശീയ-അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക്
കണ്ണൂർ: 33-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ 15 വർഷക്കാലം ദേശീയ-അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡിസംബർ ആദ്യവാരം ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
ജോസ് ജോർജ് ഐ.പി.എസ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അപർണയെ തെരഞ്ഞെടുത്തത്. കേരളത്തിലെ മികച്ച കായികതാരത്തിനു നൽകുന്ന പുരസ്‌ക്കാരമാണ് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാരം. ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
കോഴിക്കോട് സ്വദേശികളായ എൻ.ബാലൻ-എ.ലീല ദമ്പതിമാരുടെ മകളായ അപർണ ബാലൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാനേജരാണ്. ഭർത്താവ്: എം.എസ്.സന്ദീപ്.
അന്താരാഷ്ട്ര മത്സരങ്ങളിലെ ടീം ഇവന്റ്/ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിൽ അപർണയുടെ പ്രധാന നേട്ടങ്ങൾ:- 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2014ലെ തോമസ് & ഊബർ കപ്പിൽ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിൽ 4 സ്വർണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയിൽ പാക്കിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച്, സ്പാനിഷ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ന്യൂസിലാൻഡ് ഓപ്പൺ, റഷ്യൻ ഓപ്പൺ, ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച്, ടാറ്റ ഓപ്പൺ ഇന്റർനാഷണൽ ചലഞ്ച്, ശ്രീലങ്കൻ ഇന്റർനാഷണൽ ചലഞ്ച് തുടങ്ങിയവയിൽ നിരവധി മെഡലുകൾ .
2010-ലെ ഗ്വാങ്ഷൂ ഏഷ്യൻ ഗെയിംസ്, 2009,2013, 2014 , 2015 വർഷങ്ങളിലെ ബി.ഡബ്‌ള്യൂ.എഫ് ലോകചാമ്പ്യൻഷിപ്പുകൾ, 2007, 2010,2011,2013,2015,2018 വർഷങ്ങളിലെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലും അപർണ പങ്കെടുത്തു.
ദേശീയ ചാമ്പ്യൻഷിപ്പിലെ അപർണയുടെ നേട്ടങ്ങൾ: 2006 മുതൽ 2018 വരെ - 9 സ്വർണവും 9 വെള്ളിയും ഒരു വെങ്കലവും. ദേശീയ ഗെയിംസുകളിൽ 2 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടി.