- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2030 ഓടെ 1,000 പോർമുനകളും 400 ന്യൂക്ലിയർ വാർഹെഡുകളും; ആണവായുധ ശേഖരം അതിവേഗത്തിലാക്കി ചൈന
വാഷിങ്ടൻ: ആണവായുധ ശേഖരം അതിവേഗത്തിൽ വിപുലീകരിച്ച് ചൈനയുടെ പടയോട്ടം. 2030 ഓടെ 1,000 പോർമുനകൾ ചൈനയിൽ സജ്ജമാകുമെന്ന് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2030ൽ ചൈനയ്ക്ക് 400 ന്യൂക്ലിയർ വാർഹെഡുകൾ ഉണ്ടാകുമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് പ്രവചിച്ചത്. ചൈനയുടെ ആണവായുധ വിപുലീകരണം രാജ്യത്തെ ത്വരിതപ്പെടുത്താനാകുമെന്ന് യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു.
2027 ഓടെ 700 ആണവ പോർമുനകൾ പീപ്പിൾസ് റിപ്പബ്ലിക് ചൈന (പിആർസി)യ്ക്ക് സൃഷ്ടിക്കാനാകുമെന്നു റിപ്പോർട്ടിൽ പറയുന്നു. പെന്റഗൺ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കിനേക്കാൾ രണ്ടര ഇരട്ടി വേഗതയിലാണു ചൈനയുടെ ആണവായുധശേഖര വിപുലീകരണം. യുഎസുമായി പോരു മുറുകിയ പശ്ചാത്തലത്തിലാണു ചൈനയുടെ നീക്കമെങ്കിലും അയൽ രാജ്യമായ ഇന്ത്യയ്ക്കുൾപ്പെടെ മേഖലയ്ക്കാകെ ഭീഷണിയാണെന്നും സൈനിക വിദഗ്ദ്ധർ പറയുന്നു.
അതേസമയം, ഭൂഗർഭ കേന്ദ്രത്തിൽനിന്നു തൊടുക്കാവുന്നതും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമായ സൈലോസ് മിസൈൽ സംവിധാനം ചൈന ഒരുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. സിൻജിയാങ് പ്രവിശ്യയുടെ കിഴക്കൻഭാഗത്തുള്ള ഹാമിയിൽ ചൈന സൈലോകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. തെക്കുകിഴക്കൻ പ്രദേശത്തെ മരുപ്രദേശമായ യുമെനിൽ 120 സൈലോകൾ നിർമ്മിക്കുന്നതായി വാർത്തവന്ന് ഒരാഴ്ചയ്ക്കു ശേഷമാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്‌സ് (എഫ്എഎസ്) പുറത്തുവിട്ട റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന വിവരമുള്ളത്. 'വളർന്നുവരുന്ന ഭീഷണിയാണു ചൈന' എന്നു യുഎസ് വ്യോമസേനാ ജനറൽ ജോൺ ഹൈറ്റൻ പറഞ്ഞതിനു പിന്നാലെയാണു റിപ്പോർട്ട് വന്നത്. ഭൂമിക്കടിയിൽ നിർമ്മിക്കുന്ന കുഴലിന്റെ ആകൃതിയിലുള്ള മിസൈൽ ലോഞ്ചിങ് സംവിധാനമാണു സൈലോകൾ.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനായി മാത്രമൊരുക്കുന്നതാണ് ഇവയെന്നതാണു പ്രത്യേകത. ചൈനയുടെ ആണവായുധ സജ്ജീകരണം മുൻപെങ്ങും ഇല്ലാത്ത വിധം കൂടുതലാണ്. മിസൈൽ സൈലോ കേന്ദ്രങ്ങൾ പൂർണതോതിലാകാൻ വർഷങ്ങൾ വേണ്ടിവരും. എങ്ങനെയാണ് ചൈന ഇവ പ്രവർത്തിപ്പിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.