ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ കേസിന്റെ പേരിൽ 'ഓർഗനൈസർ' അസോഷ്യേറ്റ് എഡിറ്റർ ജി.ശ്രീദത്തനു പോപ്പുലർ ഫ്രണ്ടുകാരുടെ വധഭീഷണി. സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസിനു വിവരങ്ങൾ കൈമാറിയതു ശ്രീദത്തനാണെന്ന് 'ന്യൂസ്ലൗൻട്രി' പോർട്ടൽ വാർത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രീദത്തനു നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.

ശ്രീദത്തന്റെ ഉടമസ്ഥതയിലുള്ള 'ഇൻഡസ് സ്‌ക്രോൾ' പോർട്ടലിൽ 2020 മാർച്ചിൽ സിദ്ദിഖ് കാപ്പനെ കുറിച്ചു പ്രസിദ്ധീകരിച്ച വാർത്തയെ കുറിച്ചു യുപി പൊലീസ് തന്നിൽ നിന്നു വിവരങ്ങൾ ശേഖരിച്ചതായി ശ്രീദത്തൻ വെളിപ്പെടുത്തി. സിഎഎ വിരുദ്ധ സമരത്തിലും ജാമിയ സർവകലാശാലയിലെ പൊലീസ് നടപടിയിലും സിദ്ദിഖ് കാപ്പൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ കുറിച്ചായിരുന്നു വാർത്ത. സിദ്ദിഖ് കാപ്പന്റെ പോപ്പുലർ ഫ്രണ്ട് ബന്ധവും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച് ഏഴു മാസങ്ങൾക്കു ശേഷം, 2020 ഒക്ടോബറിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യുപിയിലെ ഹത്രസിൽ സിദ്ദിഖ് കാപ്പൻ പിടിയിലായത് 'ഇൻഡസ് സ്‌ക്രോൾ' വാർത്തയിലെ വിവരങ്ങൾക്കു സ്ഥിരീകരണമായെന്നു ശ്രീദത്തൻ പറഞ്ഞു.

ഈ വാർത്തയ്ക്കെതിരെ തനിക്ക് അയക്കാനുള്ള വക്കീൽ നോട്ടീസ് സിദ്ദിഖ് കാപ്പന്റെ ലാപ്ടോപ്പിൽ നിന്നു യുപി പൊലീസിനു ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണമുണ്ടായത്. ഏഴു മാസത്തിനു ശേഷവും തനിക്കു വക്കീൽ നോട്ടീസ് ലഭിച്ചിരുന്നില്ല. യുപി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു 'ഇൻഡസ് സ്‌ക്രോൾ' മലയാളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഇംഗ്ലീഷ് പരിഭാഷ കൈമാറിയതായും ശ്രീദത്തൻ അറിയിച്ചു.