സൗദിയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകളിലേക്ക് മാറുന്നു. വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉൽപന്നങ്ങളുടെ വിൽപ്പന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം

ഡിസംബർ നാലു മുതൽ പരിശോധന ശക്തമാക്കും. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്വു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആൻഡ് ടാക്‌സ് അഥോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം.

നിലവിൽ സൗദിയിൽ ഉയർന്ന നിലവാരത്തിലുള്ള കടകളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്‌സുകളും പ്രാബല്യത്തിലുണ്ട്. താഴേതട്ടു വരെ ഇതെത്തിക്കുകയാണ് പുതിയ ലക്ഷ്യം. ബില്ലിൽ നികുതി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റേയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം.

ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനുമാകും.