കുവൈത്തിൽ തൊഴിൽ അനുമതി രേഖ (ഇദ്ൻ അമൽ) പുതുക്കുന്നത് ഉൾപ്പെടെ വിദേശികൾക്ക് നൽകുന്ന മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ് വർധിപ്പിക്കാൻ മാനവശേഷി സമിതി ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്.

നിലവിലെ ഫീസ് നിരക്ക്അവലോകനം ചെയ്ത ശേഷം പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക എന്നതാണ് ഇതിനായി രൂപവത്കരിച്ച സമിതിയുടെ ചുമതല. ഇതര ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സർക്കാർ സേവനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന രാജ്യം കുവൈത്താണ്. അടുത്ത വർഷം മുതൽ വർധന നടപ്പിലാക്കി തുടങ്ങുമെന്നാണ് വിവരം. തൊഴിൽ അനുമതി രേഖ പുതുക്കുന്നതിന് പ്രതിവർഷം 10 ദിനാറാണ് ഇപ്പോഴത്തെ നിരക്ക്. എന്നാൽ പുതിയ നിയമം നടപ്പിലായാൽ ഇത് ഒറ്റയടിക്ക് 50 ദിനാർ ആയി ഉയരും.

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ മാനവ ശേഷി സമിതി ഡയരക്ടർ ബോർഡ് അംഗീകാരം നൽകി. 500 ദിനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഫീസും ഏർപ്പെടുത്തി കൊണ്ടായിരിക്കും താമസരേഖ പുതുക്കി നൽകുക.

അതേസമയം, ഈ വിഭാഗത്തിൽ പെട്ടവരുടെ ഒരു വർഷത്തെ ആരോഗ്യ ഇൻഷ്വറൻസ് ഫീസ് 1200 ദിനാർ ആയി നിർണയിച്ചു കൊണ്ട് സ്വകാര്യ ഇൻഷ്വറൻസ് കമ്പനി ഫെഡറേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് വിസ പുതുക്കുന്നതിന് 1,700 ദിനാർ ചെലവ് വരും.

60 വയസിനു മുകളിൽ പ്രായമായ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികൾക്ക് താമസരേഖ പുതുക്കുന്നതിനു കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ മാനവശേഷി സമിതി ഡയരക്ടർ വിലക്ക് ഏർപ്പെടുത്തുകയും ഈ വർഷം ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഫത്വ ലെജിസ്ലേറ്റീവ് സമിതി ഈ തീരുമാനം നിയമപരമായി ശരിയല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വിഷയം വഴിത്തിരിവിൽ എത്തിയത്.