കോഴിക്കോട്: മാവൂർ ചാലിയാറിൽ നിന്നും അനധികൃതായി മണലെടുക്കാനുപയോഗിക്കുന്ന തോണികൾ പിടിക്കാനെത്തിയ പൊലീസിന് മുമ്പിൽ വെച്ച് മൂന്നു തോണികൾ പുഴയിൽ മുക്കി മണൽ മാഫിയ. മാവൂർ പഞ്ചായത്തിലെ കൽപ്പള്ളി കടവിൽ വച്ചാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൽപള്ളിക്കടവിൽ മണൽകടത്ത് വ്യാപകമായതായി നടക്കുന്നതായി പരാതി ഉയർന്നിരുന്നു.

കൽപള്ളി കടവിൽ ചാലിയാറിലേക്ക് റോഡ് നിർമ്മിച്ചായിരുന്നു ലോറികളിൽ മണൽ കടത്തിയിരുന്നത്. ഇക്കാര്യം പരിശോധിക്കുന്നതിന് വെള്ളിയാഴ്‌ച്ച രാവിലെ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി, മാവൂർ പ്രിൻസിപ്പൽ എസ് ഐ വി ആർ രേഷ്മ എന്നിവർ കടവിലെത്തിയിരുന്നു.

കടവിലെ അനധികൃത റോഡ് പരിശോധിക്കുന്നതിനിടയിലാണ് പല ഭാഗത്തായുള്ള ഇരുമ്പു തോണികൾ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തോണികളുടെ ഉടമകളെ അന്വേഷിക്കുകയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൃത്യമായ രേഖകൾ ഒരാൾക്കും ഹാജരാക്കാനായില്ല. അനധികൃത തോണികളാണെന്ന് ഇവയെന്ന് മനസ്സിലാക്കി പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മൂന്നു തോണികൾ മണൽ മാഫിയ പുഴയിൽ മുക്കിയത്.

പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും നോക്കി നിൽക്കുന്നതിനിടയിലാണ് മൂന്നു തോണികളും ചാലിയാറിൽ മുക്കിയത്. തോണികൾ പുഴയിൽ താഴ്‌ത്തിയവരെ പൊലീസ് പിന്തുടർന്നെങ്കിലും അവർ നീന്തി രക്ഷപ്പെട്ടു. പിടിച്ചെടുത്ത മറ്റ് രണ്ട് ഇരുമ്പ് തോണികൾ വാഴക്കാട് പൊലീസിന്റെ സഹായത്തോടെ സ്പീഡ് ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് മാവൂർ മണന്തല കടവിലെത്തിച്ചു.

ചാലിയാറിൽ താഴ്‌ത്തിയ ഒരു തോണി ജെസിബി ഉപയോഗിച്ച് പുഴയിൽ നിന്നും പിന്നീട് കരക്കെത്തിച്ച് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത മണൽകൊള്ളക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മാവൂർ പ്രിൻസിപ്പൽ എസ് ഐ വി ആർ രേഷ്മ അറിയിച്ചു.