- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; നാളെ പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി; പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തും; സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ദിവസമായ നാളെ ( നവംബർ 6 ന്) പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താൻ കെ എസ് ആർ ടി സി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സി എം ഡി നിർദ്ദേശം നൽകി.
സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും നിർദ്ദേശം നൽകി. ശനിയാഴ്ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും.
ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യും.
അതേസമയം, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെഎസ്ആർടിസി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള ശമ്പള പരിഷ്കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെഎസ്ആർടിസിയെ അവശ്യ സർവ്വീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ മാസം തോറും 150 കോടിയോളം രൂപ നൽകാൻ സർക്കാർ തയ്യാറായി. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്കരണത്തിന് മാസം തോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും സർക്കാരിനെ ആശ്രയിക്കുന്ന കെഎസ്ആർടിസിക്ക് മാസം തോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാൽ സർക്കാർ സഹായം ആവശ്യമാണ്.
സർക്കാരിനെ മുൾമുനയിൽ നിർത്തി സംഘടനകൾ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്കരണമെന്ന പിടിവാശിയാണ് യൂണിയനുകൾ സ്വീകരിച്ചത്. കോവിഡ് കാലഘട്ടത്തിൽ വരുമാനവും ജീവിത മാർഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ