റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിൽ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമൻ സായുധ വിമത സംഘമായ ഹൂതികൾ സൗദി അറേബ്യയിലെ ജിസാനിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ അയച്ചത്.

എന്നാൽ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകർക്കുകയായിരുന്നു.വെള്ളിയാഴ്ചയും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായ വിവരം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും സമാനമായ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്താനായി ഹൂതികൾ യെമനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് അന്ന് അറബ് സഖ്യസേന തകർത്തത്.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. നിരായുധരായ സാധാരണ ജനങ്ങളെ ആക്രമിക്കുന്ന നടപടികളാണ് ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു