തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ പരിഹരിക്കാനായി നടത്തിയ സിറ്റിങ്ങിന്റെ ആദ്യ ദിവസമായ ഇന്ന് 25 പരാതികളിൽ തീർപ്പായി. പത്ത് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ഒരു പരാതിയിൽ കക്ഷികളെ കൗൺസലിങ്ങിന് നിർദേശിച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 126 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്ത് ഇന്നും (6/11) തുടരും.

തന്റെ സമ്മതമില്ലാതെ കുട്ടിയെ ദത്ത് നൽകിയെന്ന യുവതിയുടെ പരാതിയിൽ പരാതിക്കാരി ഹാജരായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹാജരാകുന്നില്ലെന്ന് എതിർകക്ഷികൾ രേഖാമൂലം അറിയിച്ചിരുന്നു. പരാതിക്കാരി പറയുന്ന പ്രകാരം തടഞ്ഞുവച്ചിട്ടുള്ള പരാതിക്കാരിയുടെ വിദ്യാഭ്യാസ, തിരിച്ചറയൽ രേഖകൾ നാളെ (നവംബർ 6) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി കമ്മിഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്ന് എതിർകക്ഷികൾക്ക് രേഖാമൂലം കമ്മിഷൻ നിർദ്ദേശം നൽകി.

പരാതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ പൊലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിരിന്നുവെങ്കിലും ലഭിച്ചിരുന്നില്ല. പ്രസ്തുത റിപ്പോർട്ടുകൾ ഹാജരാക്കുന്നതിന് കമ്മിഷൻ വീണ്ടും കത്ത് അയച്ചു.

കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഷാഹിദാ കമാൽ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പി. ഗിരിജ എന്നിവർ പങ്കെടുത്തു.