അമ്പലപ്പുഴ: റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച സാംസ്‌കാരിക പ്രവർത്തകൻ തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന് (50) നാടിന്റെ അന്ത്യാഞ്ജലി.

ജല അഥോറിറ്റി പൈപ്പ് ചോർന്ന് ഒരു വർഷമായി മൂടാതെ കിടന്ന കുഴിയിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അജയ കുമാറിനെ മരണം കവർന്നെടുത്തത്. മെഡിക്കൽ രകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ, വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടിയ കുഴികളിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്. അമ്പലപ്പുഴ പടിഞ്ഞാറേ നടയ്ക്കു സമീപം കഴിഞ്ഞ മാസം 27നു രാത്രി 9ന് ആണ് അജയകുമാർ അപകടത്തിൽപെട്ടത്. അമ്പലപ്പുഴയിൽനിന്നു തകഴിയിലേക്കു പോകുമ്പോൾ സ്‌കൂട്ടർ കുഴിയിൽ വീണു മറിയുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ അജയകുമാറിനെ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയുടെ ഭാഗമായി അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.

തിരക്കഥാകൃത്തും കേരള കൾചറൽ ആൻഡ് റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിയുമാണ് അജയകുമാർ. സംസ്‌കാരം നടത്തി. ഭാര്യ: ടി.ജെ.പ്രതിഭ. മക്കൾ: ദേവിക, പരേതനായ സിദ്ധാർഥ്.