- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർക്കിന്റെ മോൾനുപിറവിറിനു പിന്നാലെ ഫൈസറിന്റെ പുതിയ കോവിഡ് ഗുളികയും രംഗത്ത്; പാക്സ്ലോവിഡ് എന്ന ആന്റി വൈറൽ ഗുളിക കോവിഡിനെ 90 ശതമാനം ഭേദമാക്കുമെന്ന് ഫൈസർ; കോവിഡ് ചികിത്സയ്ക്കുള്ള രണ്ടാമത്തെ മരുന്നും വിപണിയിലേക്ക്
മെർക്കിന്റെ മോൾനുപിറവിറിനു പിന്നാലെ മറ്റൊരു മരുന്നുകൂടി കോവിഡിനെതിരെ പോരാടാൻ വിപണിയിലെത്തിയിരിക്കുകയാണ്. കോവിഡിനെ 90 ശതമാനം വരെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ് ഈ പുതിയ മരുന്നെന്ന് നിർമ്മാതാക്കളായ ഫൈസർ അവകാശപ്പെടുന്നു. കോവിഡിനെ തുരത്താൻ ഈ മരുന്നും ഉടൻ വിപണിയിലെത്തും. ദിവസേന രണ്ടു നേരം കഴിക്കേണ്ടുന്ന ഈ ആന്റിവൈറൽ ഗുളികകൾ ക്ലിനിക്കൽ ട്രയലുകളിൽതെളിയിച്ചത് കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും 87 ശതമാനം വരെ ഒഴിവാക്കാൻ ആകുമെന്നാണ്.
പ്രതീക്ഷിച്ചതിലേറെ ഫലസിദ്ധി കണ്ടെത്തിയതിനാൽ പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്നിന്റെ കൂടുതൽ പഠനങ്ങൾ തത്ക്കാലം നിർത്തിവെച്ചിരിക്കുകയാണ്. മെർക്കിന്റെ മോൾനുപിറവിറിനേക്കാൾ വളരെയധികം കാര്യക്ഷമതയാണ് കോവിഡിനെ തുരത്തുന്ന കാര്യത്തിൽ ഫൈസറിന്റെ ഈ മരുന്ന് കാണിക്കുന്നത്. മോൾനുപിറവിർആശുപത്രി പ്രവേശനവും മരണവും തടയുന്നതിൽ 50 ശതമാനം വരെയാണ് വിജയം കണ്ടത്. എച്ച് ഐ വി / എയ്ഡ്സിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റൈറ്റോനവിറിനൊപ്പം ഒരു പുതിയ പരീക്ഷണ മരുന്നുകൂടി ചേർത്തതാണ് പാക്സ്ലോവിഡ്. ഇത് വീടുകളിൽ തന്നെ ഉപയോഗിക്കാവുന്നതാണ്.
നിലവിലെ സാഹചര്യം തന്നെ മാറ്റിമറിക്കാൻ കഴിയുന്ന കണ്ടുപിടുത്തം എന്നാണ് ഫൈസർ ഈ മരുന്നിന്റെ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചത്. അമേരിക്കൻ മെഡിക്കൽ റെഗുലേറ്റർമാരുടെ അംഗീകാരത്തിനായി ഉടൻ തന്നെ അപേക്ഷിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടനിലും അനുമതി തേടിയേക്കാം. ഇപ്പോൾ തന്നെ ബ്രിട്ടൻ രണ്ടരലക്ഷം കോഴ്സ് മരുന്നിന് ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. മെർക്കിന്റെ ആന്റിവൈറൽ മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യരാജ്യമായി ഇന്നലെ ബ്രിട്ടൻ മാറിക്കഴിഞ്ഞു.
അതിനിടയിലാണ് ഈ പുതിയ മരുന്നുകൂടി വരുന്നത്. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ എൻ എച്ച് എസ് മെർക്കിന്റെ മരുന്നുപയോഗിച്ചുള്ള ചികിത്സ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കൊറോണ വൈറസിന് പെറ്റുപെരുകാൻ ആവശ്യമായ ഒരു എൻസൈം തടയുക വഴിയാണ് ഫൈസറിന്റെ മരുന്ന് കോവിഡിനെ നിയന്ത്രിക്കുന്നത്. ശരീരത്തിൽ കൂടുതൽ കാലം ഇത് സജീവമായി നിലനിൽക്കും എന്ന് ഉറപ്പാക്കുവാനാണ് ഈ പുതിയ മരുന്ന് റിറ്റോനവിറിനൊപ്പം നൽകുന്നത്.
അതേസമയം മെർക്കിന്റെ മോൾനുപിറവിറിന് മറ്റൊരു സങ്കേതമാണ് ഉള്ളത്. വൈറസിന്റെ ജനിതക കോഡിൽ കൃത്രിമത്വം കാട്ടിയാണ് ഈ മരുന്ന് രോഗത്തെ പ്രതിരോധിക്കുന്നത്. ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഒരു എൻസൈമിനെയാണ് ഈ മരുന്നുകൾ ലക്ഷ്യം വയ്ക്കുന്നത് എന്നതിനാൽ എല്ലാത്തരം വകഭേദങ്ങളേയും ചികിത്സിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് അനുമാനിക്കുന്നത്. അതേസമയം വാക്സിനുകൾ ലക്ഷ്യം വയ്ക്കുന്നത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെയാണ്. അതുകൊണ്ടു തന്നെ സ്പൈക്കിൽ വരുന്ന ജനിതകമാറ്റങ്ങൾ വാക്സിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.
രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് പാക്സ്ലോവിഡ് നൽകാൻ കഴിഞ്ഞാൽ ഏറെ ഫലപ്രദമാണെന്നാണ് ഫൈസർ പറയുന്നത്. ഏകദേശം 1200 രോഗികളിലായിരുന്നു പരീക്ഷണം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പെരും വാക്സിൻ എടുത്തവരും അടുത്തയിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമാണ്. പ്രായാധിക്യം, അമിതവണ്ണം തുടങ്ങി കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ ഇടയുള്ള ഏതെങ്കിലുമൊരു കാരണമുള്ള രോഗികളേയായിരുന്നു പ്രധാനമായും പരീക്ഷണത്തിന് വിധേയമാക്കിയത്.
മരുന്നു നൽകിയ രോഗികളിൽ 0.8 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടുന്ന സാഹചര്യത്തിലെത്തിയത്. മരണനിരക്ക് തീർത്തും പൂജ്യമായിരുന്നു. അതേസമയം പ്ലേസ്ബോ നൽകപ്പെട്ടവരിൽ 7 ശതമാനം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഏഴുപേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ