വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ യുവതിയുടെ പിന്നാലെ കൂടിയത് രണ്ട് കരടികൾ. റൊമാനിയയിലെ സിനയ്യയിലാണ് സംഭവം. കരടികളെ കണ്ട് പേടിച്ചോടിയ യുവതി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതാവട്ടെ തലനാരിഴയ്ക്ക്. അമ്മ കരടിയും കുട്ടിയുമാണ് യുവതിയുടെ പിറകേ കൂടിയത്. ഒക്ടോബർ 27ന് രാത്രി 9.45നാണ് സംഭവം.

വീടിന് മുൻവശത്തുള്ള വഴിയിലൂടെ നടന്നു പോവുകയാണ് കരടികൾ. അൽപ്പ സമയത്തിന് ശേഷം വീടിന്റെ ഗേറ്റ് തുറന്ന് യുവതിയും അതേ വഴിയിലേക്ക് ഇറങ്ങി കരടി പോയ വഴിയേ നടന്നു. അൽപ്പ സമയത്തിന് ശേഷം കരടിയെ കണ്ട് യുവതി ഓടിക്കിതച്ച് എത്തുന്നത് കാണാം. ഗേറ്റ് അടച്ച ശേഷം അവർ വീട്ടിലേക്ക് ഓടി പോവുകയും ചെയ്തു. പിന്നാലെ എത്തിയ കരടികൾ ഗേറ്റിൽ പിടിച്ച് അകത്തേക്ക് നോക്കി നിന്നെങ്കിലും അൽപ്പ സമയത്തിനകം വന്ന വഴിയേ തിരിച്ചു പോവുകയും ചെയ്തു.

ബ്രൗൺ കരടികളുടെ വാസസ്ഥലമാണ് റൊമാനിയ. ഇവ സംരക്ഷിത മൃഗങ്ങളാണെങ്കിലും മനുഷ്യർക്കോ ഭവനങ്ങൾക്കോ കേട് പാടുണ്ടാക്കിയാൽ വെടിവെച്ച് കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്.