- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറുകൾക്ക് മുമ്പ് വിമാനത്തിലെ സുന്ദരകാഴ്ചകളുമായി വീഡിയോ ഇൻസ്റ്റയിൽ; പിന്നീട് കേൾക്കുന്നത് വിമാനം തകർന്ന് ആ ശബ്ദം നിലച്ചു എന്ന വാർത്തയും; ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസയുടെ വേർപാടിൽ കണ്ണീർ വാർത്ത് സംഗീതപ്രേമികൾ

റയോ ഡിജനീറോ: 'നമ്മളോട് വളരെ അടുപ്പമുള്ള ആരെയോ നഷ്ടമായ പോലെ,' ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൊൽസൊനോരോയുടെ വാക്കുകൾ മാത്രം മതി മരീലിയ മെന്തോൻസ ബ്രസീലുകാർക്ക് ആരായിരുന്നു എന്നറിയാൻ. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി രാജ്യത്ത് ലോക് ഡൗണിലേക്ക് നയിച്ചപ്പോൾ മെന്തോൻസയുടെ ഒരു ലൈവ് കോൺസേർട്ട് ഉണ്ടായിരുന്നു. 33 ലക്ഷം പേർ കണ്ട് ആ സംഗീത പരിപാടി യൂട്യൂബിൽ ലോക റെക്കോഡായിരുന്നു.
അതെ, ബ്രസീലിയൻ യുവഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു എന്ന വാർത്ത അന്നാട്ടുകാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അവരുടെ ആരാധകർക്കും ഷോക്കാണ്. ഇരുപത്താറുകാരിയായ മരീലിയ മെന്തോൻസ ലാറ്റിൻ ഗ്രാമി അവാർഡ് ജേത്രി കൂടിയാണ്. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പെട്ട ചെറുവിമാനത്തിൽ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസർ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക വിവരം. വിമാനത്തിൽ കയറുന്നതിന്റെയും, ഭക്ഷണം കഴിക്കുന്നതിന്റെയും ഒ്‌ക്കെ വീഡിയോ ഗായിക ഷെയർ ചെയ്തരുന്നു.
ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ ആധുനികകാല പ്രചാരകയായിരുന്നു മരീലിയ. ബ്രസീലിയൻ നഗരമായ കാരതിങ്കയിൽ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീതപരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവർ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പൊലീസ് മേധാവി ഇവാൻ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ കണ്ടെത്തിയത്.
2019 ൽ ലാറ്റിൻ ഗ്രാമി അവാർഡ് നേടിയ മരീലിയ മെന്തോൻസയ്ക്ക് ബ്രസീലിലും മറ്റു രാജ്യങ്ങളിലും വൻ ആരാധകവൃന്ദമുണ്ട്. യൂട്യൂബിൽ രണ്ട് കോടി ഫോളേവേഴ്സുള്ള മരീലിയയ്ക്ക് സ്പോട്ടിഫൈയിൽ എൺപത് ലക്ഷം ശ്രോതാക്കളാണുള്ളത്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വൻ ഹിറ്റുകളാണ്. മിനാസ് ഗെരെയ്സിലേക്കുള്ള യാത്രയിൽ ഏറെ ആവേശത്തിലായിരുന്നു മരീലിയ.


