തിരുവനന്തപുരം : ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവന രഹിതരും ഓൺലൈനായി സമർപ്പിച്ച 9,20,260 അപേക്ഷകളിൽ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂർവ്വവുമായി വീടുകൾക്ക് ആർഹതയുള്ളവരെ കണ്ടെത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അപേക്ഷകൾ മുഴുവൻ നേരിട്ട് പരിശോധിച്ച് അർഹത ഉറപ്പുവരുത്തി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അർഹരായ മുഴുവൻ പേരേയും ഉൾപ്പെടുത്തുന്നുവെന്നും അനർഹരായ ഒരാൾ പോലും ഉൾപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുവാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ പുതിയതായി ലഭിച്ച അപേക്ഷകളുടെ അർഹതാ പരിശോധനാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വി ഇ ഒമാരെയാണ് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അഭിപ്രായം മാനിച്ച് കൂടുതൽ പരിശോധന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റുമാർ തുടങ്ങി ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് അപേക്ഷ പരിശോധനക്കായി നിയോഗിച്ചിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിൽ ഇതിനോടകം ആരംഭിച്ചിട്ടുള്ള കടുംബശ്രീ ഒക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം, അതിദാരിദ്ര്യമനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ, വാതിൽപ്പടി സേവന പദ്ധതി, മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സർവ്വേ എന്നിവയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്ന് ബഹു. മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ വകുപ്പ് സെക്രട്ടറിക്കും, കളക്ടർമാർക്കും മന്ത്രി നിർദ്ദേശം നൽകി.

നവ കേരളം കർമ്മപദ്ധതി ചെയർപേഴ്സൺ ഡോ. ടി എൻ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.ബി. നൂഹ്, കോർപ്പറേഷൻ മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കളക്ടർമാർ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, മുനിസിപ്പൽ ചെയർമെൻസ് ചേംബർ പ്രതിനിധികൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർമാർ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.