കാർബൺ പ്രസരണം ഒഴിവാക്കുവാൻ ലോകനേതാക്കൾ ഒത്തുചേർന്ന വേദിയിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ തന്റെ സ്വന്തം പ്രകൃതിവാതകം പ്രസരിപ്പിച്ചത് പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുകയാണ്. കാമില രാജകുമാരിയുമായി സംസാരിച്ചുകൊണ്ടുനിൽക്കുന്നതിനിടയിലായിരുന്നു അത്യാവശ്യം നല്ല ശബ്ദത്തോടെ ബൈഡന്റെ കീഴ്ശ്വാസം പോയത്. കാമില അതു കേട്ട് ഒന്നു ഞെട്ടിയെങ്കിലും അത് മുഖത്ത് പ്രകടമാക്കാതെ സംസാരം തുടർന്നു.

ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിക്കിടയിൽ നടന്ന സ്വകാര്യ സംഭാഷണത്തിനിടയിലായിരുന്നു ബൈഡന്റെ വാതക പ്രയോഗം നടന്നത്. ആദ്യം അതുകേട്ട് കാമില ഒന്നു പകച്ചതായി ചില അടുത്ത വൃത്തങ്ങൾ പറയുന്നു. കേട്ടില്ലെന്ന് നടിക്കാൻ കഴിയാത്തത്ര ശബ്ദത്തോടെയായിരുന്നു ബൈഡന്റെ അധോവായു പ്രയോഗം എന്നും ചില വൃത്തങ്ങൾ പറയുന്നു. ചാൾസ് രാജകുമാരനും, വില്യം രാജകുമാരനും കെയ്റ്റും ബോറിസ് ജോൺസനുമൊക്കെ പങ്കെടുത്ത ഒരു സ്വകാര്യ വിരുന്നിനിടയിലായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്‌ച്ച കെൽവിങ്രോവ് ആർട്ട് ഗാലറിയിലായിരുന്നു വിരുന്ന്.

ഉറക്കം തൂങ്ങി ജോ എന്ന് ട്രംപ് കളിയാക്കി വിളിച്ചിരുന്ന 70 കാരനായ ജോ ബൈഡൻ നേരത്തേ ഉദ്ഘാടന പ്രസംഗത്തിനിടയിലും അധോവായു പ്രയോഗം നടത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്ക് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് സംശയങ്ങൾ ഉയർത്താനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ബൈഡനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ സംഭവമല്ല.

2020 മെയ്‌ മാസത്തിൽ ഒരു അസാധാരണ ശബ്ദത്തോടെയുള്ള ബൈഡന്റെ ഒരു വീഡിയോ ക്ലിപ്പ് ട്രംപ് ജൂനിയർ ഷെയർ ചെയ്തിരുന്നു. പെനിസിൽവാനിയ ഗവർണർ ടോം വോൾഫുമായി നടത്തിയ ഒരു ലൈവ് സ്ട്രീമിംഗിനിടയിലായിരുന്നു ഇത് സംഭവിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഫാർട്ട്ഗേയ്റ്റ് എന്ന പേരിൽ ട്രെൻഡിംഗായ ഈ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

വൈറ്റ്ഹൗസിലെത്തി ഒരു വർഷം പിന്നിടുമ്പോൾ ബൈഡന്റെ റേറ്റിങ് കുത്തനെ താഴോട്ട് പോവുകയാണ്. മറുഭാഗത്താണെങ്കിൽ 2024-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡൊണാൾഡ് ട്രംപ് കോപ്പുകൂട്ടുന്നുമുണ്ട്. ഏറ്റവും ഒടുവിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ ട്രംപ് ബൈഡനേക്കാൾ രണ്ട് പോയിന്റുകൾക്ക് മുൻപിലാണ്.

യഥാർത്ഥത്തിൽ എലിസബത്ത് രാജ്ഞി ആഥിതേയത്വം വഹിക്കേണ്ടുന്ന വിരുന്നായിരുന്നു അത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ രാജ്ഞി ഉച്ചകോടിയിൽ നിന്നും വിട്ടുനിന്ന സാഹചര്യത്തിലാണ് ചാൾസിന്റെ നേതൃത്വത്തിൽ വിരുന്ന് നടത്തിയത്. വിരുന്നിൽ വില്യം രാജകുമാരന്റെ തോളിൽ കൈയിട്ട് തമാശകൾ പറഞ്ഞ് ചിരിക്കുന്ന ജോ ബൈഡന്റെ വീഡിയോകൾ നേരത്തേ വൈറലായിരുന്നു.

ഉച്ചകോടിയിൽ വളരെ സജീവമായി പങ്കെടുത്ത ബൈഡൻ പാരിസ് കരാറിൽ നിന്നും പിന്മാറാൻ തന്റെ മുൻഗാമി എടുത്ത തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, ഒരു പതിറ്റാണ്ടിനുള്ളിൽ ലോകത്തെ മീഥെയ്ൻ വാതക പ്രസരണം 30 ശതമാനത്തോളം കുറയ്ക്കുവാൻ അദ്ദേഹം ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കന്നുകാലികളാണ് ഈ വാതകം പ്രധാനമായും ഉദ്പാദിപ്പിക്കുന്നത്.