- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26-ം വയസ്സിൽ സ്വകാര്യ വിമാനം തകർന്ന് മരിച്ചത് ബ്രസീലിനെ ഹരംപിടിപ്പിക്കുന്ന പോപ് സൂപ്പർസ്റ്റാർ; മരില്ല മെൻഡോൻകയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇളകിയൊഴുകി ബ്രസീൽ; ശവപ്പെട്ടിക്ക് മുൻപിലെ കണ്ണീരൊലിപ്പിക്കുന്ന അമ്മയുടെ ചിത്രം ലോകത്തിന്റെ കണ്ണുനീരാകുന്നു

പ്രശസ്തിയുടെ കൊടുമുടിയിൽ കത്തിജ്വലിച്ചു നിൽക്കുന്ന സമയത്താണ് മരണമെന്ന സമയബോധമില്ലാത്ത കോമാളിയെത്തി മരില്ല മെൻഡോൻക എന്ന പോപ് ഗായികയെ തട്ടിയെടുത്തത്. 26-)0 വയസ്സിൽ ജീവിതവും സംഗീതവും ഇനിയും ധാരാളം ബാക്കിനിൽക്കെ ഒരു സ്വകാര്യ ജെറ്റ് വിമാനം തകർന്നായിരുന്നു ബ്രസീലിന്റെ പ്രിയ ഗായിക മരണമടഞ്ഞത്. ബ്രസീൽ മുഴുവനും പ്രിയ ഗായികയ്ക്കായി കണ്ണീരൊഴുക്കുമ്പോഴും, തന്റെ മകളുടെ മൃതദേഹത്തിനരികിൽ തോരാത്ത കണ്ണുനീരുമായി ഇരിക്കുന്ന അമ്മ റൂത്ത് മോറേറിയ ഡയസിന്റെ ചിത്രം ലോകത്തിന്റെ വിങ്ങലാവുകയാണ്.
ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. ഗൊയാണീയയിലെ ജിനാസിയോ അറിന്നയ്ക്ക് മുന്നിൽ അച്ചടക്കത്തോടെ വരിവരിയായി നിന്നായിരുന്നു ആരാധകർ അന്ത്യാഞ്ജലി അർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ബ്രസീലിലെ ഒരു വെള്ളച്ചാട്ടത്തിനരികിലായാണ്മെൻഡോൻക സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് അപകടത്തിൽ പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരണമടഞ്ഞു.
വെള്ളപ്പട്ടിൽ പൊതിഞ്ഞ മകളുടെ ശവമഞ്ചത്തിനരികിൽ നിസ്സഹായതോടെയിരിക്കുന്ന അമ്മയുടെ ചിത്രമാണ് ഒരു നൊമ്പരമായി ലോകം ഏറ്റെടുത്തിരിക്കുന്നത്. അറീനയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ ഏകദേശം പതിനായിരം പേരോളം അന്ത്യാഞ്ജലി അർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. മെൻഡോൻകയുടെ അമ്മാവനും അവർക്ക് ഒപ്പം അപകടത്തിൽ മരണമടഞ്ഞിരുന്നു. ഇരുവരുടെയും മൃതദേഹം പിന്നീട് ഒരു സ്വകാര്യ ചടങ്ങിൽ പ്രാദേശിക സെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് അവരുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കരാറ്റിംഗയിലെ മിനാസ് ജെറാസിസ് നഗരത്തിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്. മെൻഡൻകയോടൊപ്പം വിമാനത്തിൽ അവരുടെ അമ്മവനും ഉപദേഷ്ടാവുമായ അബിസീലി സിൽവേറിയ ഡയസ്, പരിപാടിയുടെ നിർമ്മാതാവ് ഹെന്രിക്കോ റിബൈറോ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇവരെ കൂടാതെ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരാണ് മരണമടഞ്ഞ മറ്റു രണ്ടുപേർ. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുരുഷ ഗായകരും പുരുഷമേധാവിത്വവും കളം നിറഞ്ഞാടിയിരുന്ന ബ്രസീലിന്റെ സംഗീത ലോകത്ത് സ്വന്തമായ ഒരിടംസൃഷ്ടിച്ച് അതിവേഗം ഉയർന്നുവന്ന ഗായികയായിരുന്നു മെൻഡോൻക. സ്ത്രീകളുടെ സംഗീതമായി അറിയപ്പെട്ടിരുന്ന ഫെമിനെജോ സംഗീത ശാഖയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ വളരെ വലിയൊരു പങ്കാണ് ഇവർ നിർവ്വഹിച്ചത്. വിഷാദഗാനങ്ങളുടെ പേരിൽ പ്രശസ്തയായ ഇവരെ വിഷാദങ്ങളുടെ രാജകുമാരി എന്നും വിളിച്ചിരുന്നു.

യൂട്യുബിൽ 22 മില്യൺ സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 39 മില്യൺ ഫോളോവേഴ്സും ഉള്ള ഇവർ ബ്രസീലിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും അതുല്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ആരാധകരെ കണ്ണുനീരിലാഴ്‌ത്തി ഇവർ കടന്നുപോയെങ്കിലും ആ ഗാനങ്ങൾ ഇനിയും കാലാകാലം ബ്രസീലിന്റെ അന്തരീക്ഷത്തിൽ അലയടിക്കുമെന്നാണ് ആരാധകർ പറയുന്നത്.


