- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.ടി.എം. കാർഡ് രൂപത്തിലുള്ള റേഷൻ കാർഡ്; സാങ്കേതികതടസ്സമുണ്ടായാൽ കാർഡുടമകളെ ഓഫീസിൽ വിളിച്ചുവരുത്തുന്നതിന് വിലക്ക്
ആലപ്പുഴ: എ.ടി.എം. കാർഡ് രൂപത്തിലുള്ള റേഷൻ കാർഡിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് സാങ്കേതികതടസ്സമുണ്ടായാൽ കാർഡുടമകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിനു പൊതുവിതരണവകുപ്പ് വിലക്കേർപ്പെടുത്തി. പി.വി സി. റേഷൻ കാർഡും ഇ- റേഷൻകാർഡും തയ്യാറാക്കുമ്പോൾ പ്രിന്റ് പാസ്വേഡ് ലഭ്യമാകാത്ത അവസരങ്ങളിൽ കാർഡുടമകളെ ഓഫീസിലേക്കു വിളിച്ചുവരുത്തുന്ന രീതി ഏറിയതോടെയാണ് നടപടി.
ഒരു കാരണവശാലും കാർഡുടമകളെ വിളിച്ചുവരുത്താൻ പാടില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫീസർമാർക്കും സിറ്റി റേഷനിങ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. പ്രിന്റ് പാസ്വേഡ്, രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ വരാത്ത കാർഡുടമകൾക്ക് ഫോൺ, ഇ-മെയിൽ എന്നിവയിൽ ഏതെങ്കിലും വഴി പാസ്വേഡ് ലഭ്യമാക്കണം. കാർഡുടമകളുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഓൺലൈനായി പരിശോധിച്ച് പാസ്വേഡ് നൽകണം.
നിലവിലുള്ള റേഷൻ കാർഡ് പി.വി സി., പ്ലാസ്റ്റിക്, ലാമിനേറ്റ് ചെയ്ത ഇ-കാർഡ് എന്നിവയാക്കി മാറ്റുന്നതിന് ടി.എസ്.ഒ.യുടെയോ സിറ്റി റേഷനിങ് ഓഫീസറുടെയോ അനുമതി വേണ്ടാ. കാർഡിൽ തിരുത്തുണ്ടെങ്കിൽ മാത്രം ഇ-സർവീസ് മുഖേന അപേക്ഷിച്ച് ഉദ്യോഗസ്ഥരുടെ അനുമതി നേടിയാൽ മതി.
എ.ടി.എം. കാർഡ് രൂപത്തിലുള്ള പി.വി സി., പ്ലാസ്റ്റിക് കാർഡുകൾ അക്ഷയകേന്ദ്രങ്ങളിൽനിന്നു പ്രിന്റെടുക്കാം. ഇതിന് 0.76 മില്ലിമീറ്റർ കനമുണ്ടാകണം. വലുപ്പം 85.6ഃ 53.98 മില്ലിമീറ്റർ ആയിരിക്കണം. ഇതിനുള്ള യന്ത്രങ്ങൾ ചില അക്ഷയ കേന്ദ്രങ്ങളിൽ ഇല്ല. വാങ്ങാനുള്ള തയ്യാറെടുപ്പിലാണവർ. പി.വി സി., പ്ലാസ്റ്റിക് കാർഡ് പ്രിന്റെടുക്കുന്നതിന് ആകെ 65 രൂപയാണു നിരക്ക്. ഇ-കാർഡ് പ്രിന്റെടുത്തു ലാമിനേറ്റ് ചെയ്യുന്നതിന് 25 രൂപയും. മറ്റു കംപ്യൂട്ടർ സ്ഥാപനങ്ങൾ വഴിയും പ്രിന്റെടുക്കാം. കാർഡ് അച്ചടിക്കായി കൂടുതൽ തുക വാങ്ങുന്ന അക്ഷയകേന്ദ്രങ്ങളെ റേഷൻ കാർഡ് സേവനങ്ങളിൽനിന്ന് ഒഴിവാക്കും.