പാലാ: പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളോടു പൊരുതി ജീവിതവിജയം നേടിയ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണന്റെ 16 മത് ചരമവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണന്റെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിലാണ് വാർത്തെടുത്തത്. ചെറുപ്പകാലത്ത് പ്രതിസന്ധികളെ നേരിട്ടു നേടിയ മനോബലം ഭരണരംഗത്തു അദ്ദേഹത്തിന് കരുത്തു പകർന്നതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. നിശ്ചയദാർഢ്യം പ്രതിസന്ധികളെ മറികടക്കാൻ കെ ആർ നാരായണന് കരുത്തേകിയെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപതി സ്ഥാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച രാഷ്ട്രപതിയായിരുന്നു കെ ആർ നാരായണനെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, അഡ്വ ആഷ്മി ജോസ്, സുമിത കോര, ബിനു പെരുമന, റാണി സാംജി, ബേബി സൈമൺ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.