- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യു എന്നിൽ പ്രസംഗിച്ച മലയാളി പെൺകുട്ടി എയ്മിലിൻ തോമസിന് പെൻസിൽവേനിയ ഗവർണറുടെ ആദരവ്
ഹാരിസ്ബർഗ്: യൂ എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാർത്ഥിനി എയ്മിലിൻ തോമസ്സിനെ പെൻസിൽവേനിയ ഗവർണ്ണർ ടോം വൂൾഫ്, ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്‌സ് ഓഫീസ്സിൽ സ്വീകരണം നൽകി ആദരിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് മൗണ്ട് സെന്റ് ജോസഫ് അക്കാഡമി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ എയ്മിലിനായിരുന്നു.
''പ്രിയങ്കരങ്ങളായ സാമൂഹ്യാനുഭവങ്ങളുടെ ഓർമ്മകൾ സമ്മാനിച്ച ദക്ഷിണേന്ത്യയോട് ഗവർണ്ണർ വൂൾഫിന് ആ നിലയിൽ ഹൃദയാടുപ്പമുണ്ടെന്നതും; എന്റെ, തായ് വേരുകളുടെ ജന്മനാട് ദക്ഷിണേന്ത്യയാണ് എന്ന പ്രിയം എനിക്ക് തീവ്രമായുണ്ടെന്നതും ഗവർണ്ണറുമായുള്ള കൂടിക്കാഴ്‌ച്ചയെ അസുലഭമൂല്യമുള്ളതാക്കി'' യെന്നാണ് പെൻസിൽവേനിയാ ഗവർണ്ണറുടെ ഓഫീസ്സിലെ സ്വീകരണത്തെക്കുറിച്ച് എയ്മിലിൻ പറഞ്ഞത്.
സമൂഹ്യ വിഷയങ്ങളെക്കുറിച്ചും, കോവിഡ് പ്രതിരോധ നടപടികളുടെ പുരോഗതിയിൽ പെൻസിൽവേനിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യൻ സംസ്‌കരത്തിന്റെ സവിശേഷതകളെക്കുറിച്ചും ദക്ഷിണേന്ത്യൻ ഭക്ഷണ ഇനങ്ങളുടെ നാവൂറും രുചിയെക്കുറിച്ചും ഗവർണർ ഹൃദയപൂർവം സംസാരിച്ചു. കോളജ് പഠനവർഷങ്ങളിൽ പീസ് കോർപ്‌സിനൊപ്പം രണ്ട് വർഷം ഇന്ത്യയിൽ ചെലവഴിച്ചതും ഫിലഡൽഫിയയിലെ 'അമ്മ' എന്ന റെസ്റ്റോറന്റിലെ മസ്സാല ദോശ ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ചും ഗവർണ്ണർ വൂൾഫ് ഹൃദ്യമായ ഓർമകൾ പങ്കു വച്ചു.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം, മഴക്കാലത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ പരിചരിക്കുന്ന അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത ആതുരശുശ്രൂഷാ പ്രൊഫഷനോടുള്ള താത്പര്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള നൂതനപദ്ധതികൾ കണ്ടെത്തി അവയുടെ വക്താവായി പ്രവർത്തിക്കാനുള്ള പദ്ധതിരേഖകൾ എന്നിങ്ങനെയുള്ള കാലിക പ്രസക്ത കാര്യങ്ങൾ എയ്മിലിനോട് ഗവർണ്ണർ ടോം വൂൾഫ് ചോദിച്ചു. എയ്മിലിന്റെ മറുപടി ശ്രദ്ധിച്ച് അദ്ദേഹം ആഹ്‌ളാദം അറിയിച്ചു.
ഏഷ്യൻ പസഫിക് അമേരിക്കൻ കാര്യങ്ങളെക്കുറിച്ചുള്ള ഗവർണറുടെ ഉപദേശക കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാനിസൺ, പെൻസിൽവാനിയയിലെ ഏഷ്യക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഡേറ്റാ സർവേ ഉൾപ്പെടെയുള്ള പ്രോജക്ടുകളെക്കുറിച്ച് എയ്മിലിനുമായി ചർച്ച ചെയ്തു. സന്നദ്ധപ്രവർത്തകരുടെ ഒരു ടീമുമായി സഹകരിച്ച്, ഏഷ്യൻ അമേരിക്കക്കാർക്ക് അവരുടെ വാക്‌സിൻ നിലയും വാക്‌സിനേഷൻ എടുക്കുന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായവും അറിയിക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാനിസൺ ഒരു സർവേ ഏർപ്പെടുത്തിയിട്ടുണ്ട്. പെൻസിൽവേനിയയിലെ ഏഷ്യൻ സമൂഹം കൈവരിച്ചിട്ടുള്ള കോവിഡ് വാക്‌സിനേഷൻ നിരക്കിന്റെ യഥാർത്ഥ നില സർവേയിൽ ഇതുവരെ പ്രതിഫലിപ്പിക്കാനായിട്ടില്ലെന്നും സ്റ്റെഫാനിസൺ വിശദീകരിച്ചു. പെൻസിൽവാനിയയിലെ ഏഷ്യക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഡേറ്റാ സർവേയിൽ പെൻസിൽവേനിയയിലെ ഇന്ത്യക്കാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുവ അംബാസഡറാകാൻ എയ്മിലിനെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാനിസൺ ക്ഷണിച്ചു.
സ്പ്രിങ് ഫോർഡ് ഏരിയ ഹൈസ്‌കൂളിൽ ഗണിത അദ്ധ്യാപകനായ പാലാ അവിമൂട്ടിൽ ജോസ് തോമസിന്റെയും ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറായ മൂലമറ്റം കുന്നക്കാട്ട് അഗസ്റ്റിന്റെയും മകളാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്മിലിൻ.