തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുടെ ഒന്നാംവർഷ ബി ടെക് ക്ലാസുകൾ 22മുതൽ ആരംഭിക്കും. ഓഫ്ലൈൻ ക്ലാസുകളാണ് ആരംഭിക്കുന്നത്.

പിഎച്ച്ഡി പ്രവേശനം

സാങ്കേതിക സർവകലാശാലയിൽ 2020-21ലെ എഐസിടിഇ ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിങ്/ടെക്നോളജിയിൽ ഫുൾ-ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്സി, എസ്ടി, ഇ ഡബ്ള്യുഎസ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ ഗവ: എഞ്ചിനീയറിങ് കോളേജിൽ എസ്സി/ എസ്ടി/ ഈഡബ്ള്യുഎസ് വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുള്ളത്.

അപേക്ഷാർത്ഥികൾ www.app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. എഐസിടിഇ ഇറക്കിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നൽകേണ്ടത്. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 500 രൂപയും ഈഡബ്ള്യുഎസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 ആണ്. എഐസിടിഇയുടെ വിശദമായ അറിയിപ്പും മാർഗ്ഗനിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇമെയിലിൽ ബന്ധപെടുക.