- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ യുവജനസഖ്യം ഭദ്രാസന കോൺഫറൻസ് നവംബർ 14 മുതൽ - ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തിയൊന്നാമത് നാഷണൽ കോൺഫറൻസ് 2021 നവംബർ 12, 13, 14 (വെള്ളി, ശനി ,ഞായർ ) തീയതികളിൽ ഹ്യൂസ്റ്റണിൽ വെച്ച് നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കോൺഫ്രൻസ് നടത്താനാകുമോ എന്ന് ചിന്തിച്ചിരുന്ന സാഹചര്യത്തിൽ നിന്നും ഇന്ന് വ്യത്യസ്തമായി അചഞ്ചലമായ ദൈവാശ്രയ ബോധത്തിൽ ലഭ്യമായ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് യുവജനസഖ്യം, കോൺഫറൻസ് നടത്തിപ്പുമായി മുൻപോട്ടു പോയത്. ഈ വർഷത്തെ കോൺഫറൻസിന് ചിന്ത വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ഫല ദായക ശിഷ്യത്വം' (Fruit Bearing Descipleship) എന്ന വിഷയമാണ്. ക്രിസ്തുയേശുവിൽ നല്ല ഫലം കായിച്ചുകൊണ്ട് അവന്റെ ശിഷ്യന്മാരായി ജീവിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനമാണ് ഈ കോൺഫറൻസിൽ നിന്ന് ലക്ഷ്യമാക്കുന്നത്.
ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ, ഫിലഡൽഫിയ യൂത്ത് ചാപ്ലിൻ റവ:തോമസ് കെ മാത്യു, സിയാറ്റിൽ മാർത്തോമാ ഇടവക വികാരി റവ. മനു വർഗീസ് എന്നിവർ കോൺഫറൻസിനു മുഖ്യ നേതൃത്വം നൽകും. ഭദ്രാസന സെക്രട്ടറി റവ: അജു എബ്രഹാം, യുവജനസഖ്യം ഭദ്രാസന വൈസ് പ്രസിഡന്റ് റവ: സാം റ്റി മാത്യു, ഇമ്മാനുവേൽ യുവജനസഖ്യം പ്രസിഡണ്ടും ഇടവക വികാരിയുമായ റവ: ഈപ്പൻ വർഗീസ്, ട്രിനിറ്റി ഇടവക വികാർ ഇൻ ചാർജ് റവ: റോഷൻ.വി. മാത്യുസ് എന്നിവർ കോൺഫറൺസിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
നവംബർ 12ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കോൺഫറൻസിന് തുടക്കമാകും എന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ കോൺഫറൻസിൽ 250 ൽ പരം രജിസ്‌ട്രേഷനുകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് കോൺഫറൻസ് ജനറൽ കൺവീനർ അജു ജോൺ വാരിക്കാടും കോ. കൺവീനർ അനി ജോജിയും അറിയിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച് ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന കോൺഫറൻസിന്റെ വിവിധ സെഷനുകൾ അനുഗ്രഹിക്കപ്പെട്ടതായിരിക്കുമെന്ന് പ്രോഗ്രാം ചുമതല വഹിക്കുന്ന ബിബിൻ ജോർജ് അറിയിച്ചു.
തീം പ്രസന്റേഷനു വേണ്ടി ഒരു അർത്ഥവത്തായ സ്‌കിറ്റ് അണിയറയിൽ പുരോഗമിച്ചു വരുന്നതായി കൾച്ചറൽ പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന മെവിൻ ജോൺ എബ്രഹാം അറിയിച്ചു. കോൺഫറൻസിന്റെ തീമിന് യോജിച്ച മികച്ച നിലവാരമുള്ള കൾച്ചറൽ പ്രോഗ്രാമുകൾ ആയിരിക്കും ശനിയാഴ്ച നടത്തപ്പെടുകയാണ് മെവിൻ കൂട്ടിച്ചേർത്തു.