ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ഗഞ്ചിപ്പോര സ്വദേശിയായ ഹാഫിസ് അബ്ദുള്ള മാലിക്ക് ആണ് അറസ്റ്റിലായത്. അനന്തനാഗ് ജില്ലയിലെ വഹാദാൻ മേഖലയിൽ നിന്നും സുരക്ഷാ സേനയാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. ആയുധങ്ങൾ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലായിരുന്നു ഇയാൾ സുരക്ഷാ സേനയുടെ പിടിയിലായത്. സുരക്ഷാ സേനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹാഫിസിനെ അതിസാഹസികമായി സുരക്ഷാ സേന പിടികൂടുകയായിരുന്നു. ജമ്മു കശ്മീർ പൊലീസും, രാഷ്ട്രീയ റൈഫിൾസിലെ സേനാംഗങ്ങളും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്.

പിസ്റ്റൽ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. അതേസമയം ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മേഖലയിൽ നിന്നും എകെ 47 തോക്കുകളും, മാഗസീനുകളും പിടിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബർ 25 നാണ് ഇയാൾ ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്നത്. പ്രദേശത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.