- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്പിന് പണികൊടുക്കാൻ ആഫ്രിക്കയിൽ നിന്നും ഏഷയിൽ നിന്നും പാവങ്ങളെ കൊണ്ടുവന്ന് പോളണ്ട് അതിർത്തിയിൽ ഇറക്കിവിട്ട് ബലാറസ്; വേലിപൊളിച്ച് കയറാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരെ തല്ലിയോടിച്ചും മുളകുപൊടി സ്പ്രേ അടിച്ചും പോളിഷ് സൈന്യം; ഒരു പ്രതികാര കഥ
വിമാനം റാഞ്ചി വിമത പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ യൂറോപ്പിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ബെലാറസ്. പരമ്പരാഗത ആയുധങ്ങൾ ഒന്നും ഉപയോഗിക്കാതെ അനധികൃത കുടിയേറ്റക്കാരെ ആയുധങ്ങളാക്കിയാണ് ഈ ഒളിയുദ്ധം. അനധികൃത കുടിയേറ്റക്കാരെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടത്തിവിട്ട് അവിടെ അരാജകത്വം സൃഷ്ടിക്കുക എന്ന തന്ത്രമാണ് ബെലാറസ് ഏകാധിപതി പയറ്റുന്നത്.
ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയാണ് ബെലാറസുമായി അതിർത്തി പങ്കിടുന്ന പോളണ്ടിലെ സൈന്യം. അതിർത്തിയിലൂടെ പോളണ്ടിലേക്കാണ് ബെലാറസിൽ നിന്നും കുടിയേറ്റക്കാരെ കയറ്റിവിടുന്നത്. അവിടെനിന്നാണ് ഇവർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്തുവിലകൊടുത്തും അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുമെന്നും യൂറോപ്പിനെ സംരക്ഷിക്കുമെന്നുമാണ് പോളീഷ് സൈന്യം പറയുന്നത്.
തിങ്കളാഴ്‌ച്ച വലിയൊരു സംഘം അനധികൃത കുടിയേറ്റക്കാരാണ് ബെലാറസ്-പോളണ്ട് അതിർത്തിയിലെത്തിയത്. അതിർത്തിയിലെ വേലി പൊളിച്ച് പോളണ്ടിലേക്ക് പ്രവേശിക്കാനായിരുന്നു ഇവരുടെ പരിപാടി. എന്നാൽ, ഇവരെ തടഞ്ഞ പോളീഷ് സൈന്യം ശക്തമായി തിരിച്ചടിച്ചു. കുരുമുളക് സ്പ്രേ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് ഇവരെ അതിർത്തിയിൽ നിന്നും തിരിച്ച് ഓടിക്കുകയായിരുന്നു.
മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും പാവപ്പെട്ടവരെ ബെലാറേസിൽ എത്തിച്ചശേഷം അവരെ മനുഷ്യ പീരങ്കികളാക്കി അതിർത്തി കടത്തി വിടുക എന്നതാണ് ബെലാറസ് ഏകാധിപതി ലുക്കാൻഷെങ്കോവിന്റെ പുതിയ യുദ്ധതന്ത്രം. പോളണ്ടിലേക്ക് കടത്തിവിട്ടശേഷം അവിടെനിന്നും പല മാർഗ്ഗങ്ങളിലൂടെ ഇവരെ യൂറോപ്യൻ യൂണീയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും കടത്തും. ഈ തന്ത്രം തിരിച്ചറിഞ്ഞതോടെയാണ് പോളണ്ട് ശക്തമായ നിലപാടെടുത്ത് രംഗത്തെത്തിയത്.
ഇതിനോടകം തന്നെ ഏകദേശം 10,000 സൈനികരോളം കാവൽനില്ക്കുന്ന അതിർത്തിയിലേക്ക് മറ്റ് 12,000 സൈനികരെ കൂടി പോളണ്ട് അയച്ചുകഴിഞ്ഞു. മരക്കഷ്ണങ്ങളും തൂമ്പയുമൊക്കെ കൊണ്ട് വേലിതകർത്ത് കയറാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാർക്ക് നേരെയാണ് സൈന്യം കുരുമുളക് സ്പ്രേ ഉപയോഗിച്ചത്. മറുഭാഗത്ത് കുട്ടികളെ മുൻനിർത്തി നിരവധി അഭയാർത്ഥികൾ പ്രവേശനം അനുവദിക്കാൻ പോളീഷ് സൈന്യത്തോട് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ജർമ്മനിയിലേക്ക് പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നുണ്ടായിരുന്നു.
നൂറുകണക്കിന് അഭയാർത്ഥികളെയാണ് ഇന്നലെ പോളണ്ട് തുരത്തിയോടിച്ചതെങ്കിൽ ഇനിയും ആയിരക്കണക്കിന് ആളുകൾ അതിർത്തി കടക്കാൻ ഒരു സൗകര്യം കാത്ത് ഇരിക്കുകയാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. തുരത്തിയോടിക്കപ്പെട്ടവർ ഉൾപ്പടെ അനേകം പേർ അതിർത്തിയിൽ നിന്നും ഏറെ ദൂരെയല്ലാതുള്ള കാട്ടിൽ അഭയം തേടിയിട്ടുണ്ട്. ബെലാറസ് സൈന്യമാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
അഭയാർത്ഥികളെ ഉപയോഗിച്ച് സൈനികവും രാഷ്ട്രീയവുമായ ഒരു പോർമുഖമാണ് ബെലാറസ് തുറന്നിരിക്കുന്നതെന്ന് നാറ്റോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇത്തരം ഹീനമായ കൃത്യങ്ങളിൽ ഏർപ്പെടുന്ന ബെലാറസിനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെർ ലെയെൻ അംഗരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. അമേരിക്കയും ബെലാറസിന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ